വെല്ലിങ്ടണ്‍: ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം കോറി ആന്‍ഡേഴ്‌സണ്‍. വിരമിക്കല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ യു.എസ്സിലെ മേജര്‍ ലീഗ് ക്രിക്കറ്റിലെ ഒരു പ്രധാന ടീമുമായി താരം മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിടുകയും ചെയ്തു.
29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്. 2012-ല്‍ ട്വന്റി 20-യിലൂടെയാണ് താരം കിവീസിനായി അരങ്ങേറ്റം കുറിച്ചത്. കിവീസിനായി 13 ടെസ്റ്റ് മത്സരങ്ങളും 49 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
2014 ജനുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ 36 പന്തില്‍ നിന്ന് സെഞ്ചുറി നേടി ആന്‍ഡേഴ്‌സണ്‍ റെക്കോഡിട്ടിരുന്നു. ഈ റെക്കോഡ് പിന്നീട് ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് മറികടന്നു.