സംബല്‍പുര്‍ (ഒഡിഷ): അണ്ടര്‍-19 കൂച്ച്‌ ബിഹാര്‍ ട്രോഫിയില്‍ ഒഡീഷക്കെതികെ കേരളത്തിന്റെ റെക്കോഡ് പ്രകടനം. ക്യാപ്റ്റന്‍ വത്‌സല്‍ ഗോവിന്ദിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ കേരളം ആദ്യ ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 651 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. കേരളത്തിന്റെ ഏറ്റവുമയര്‍ന്ന ടീം ടോട്ടലാണിത്. 2007-2008-ല്‍ സര്‍വീസസിനെതിരായ രഞ്ജി ട്രോഫിയില്‍ നേടിയ ആറു വിക്കറ്റിന് 566 റണ്‍സായിരുന്നു ഇതിന് മുമ്പ് കേരളത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌കോര്‍. ഈ റെക്കോഡാണ് കേരളത്തിന്റെ യുവനിര സംബല്‍പുരില്‍ മറികടന്നത്.

ഒപ്പം ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കേരളാ താരവുമായി വത്സല്‍ ഗോവിന്ദ്. നേരത്തെ രഞ്ജി ട്രോഫിയില്‍ ശ്രീകുമാര്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. 2007-08-ല്‍ സര്‍വീസസിനെതിരെ പുറത്താകാതെ 306 റണ്‍സാണ് ശ്രീകുമാര്‍ നേടിയത്. 

ഒരു റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ആദിദേവിനെ ശേഖര്‍ മാജി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സെത്തിയപ്പോള്‍ അനന്തകൃഷ്ണനും (3) പുറത്തായി. പിന്നീട് 36 റണ്‍സെടുത്ത അമലും മടങ്ങി.

ഇതിനുശേഷം നാലാം വിക്കറ്റില്‍ വത്സലും അശ്വിന്‍ ആനന്ദും ഒത്തുചേരുകയായിരുന്നു. നാലാം വിക്കറ്റില്‍ 347 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. വത്സല്‍ 459 പന്തില്‍ 32 ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 302 റണ്‍സടിച്ചപ്പോള്‍ അശ്വിന്‍ ആനന്ദ് 25 ഫോറും അഞ്ചു സിക്‌സുമടക്കം 269 പന്തില്‍ 203 റണ്‍സ് നേടി. കേരളത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 1959-60 രഞ്ജി ട്രോഫിയില്‍ പാലക്കാട് വിക്്‌ടോറിയ കോളേജ് ഗ്രൗണ്ടില്‍ നാലാം വിക്കറ്റില്‍ ജോര്‍ജ് എബ്രഹാമും എം ബാലന്‍ പണ്ഡിറ്റും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 410 റണ്‍സിന്റെ കൂട്ടുകെട്ടാണ് റെക്കോഡ്. 

അശ്വിന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ അക്ഷയ് മനോഹര്‍ 106 പന്തില്‍ 65 റണ്‍സ് നേടി. നിഖില്‍ ടിയുമായി (21) ഇന്നിങ്‌സ് മുന്നോട്ടു നയിക്കുന്നതിനിടെ ക്യാപ്റ്റന്‍ കൂടിയായ വത്സല്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയായ ഉടനെയാണ് വത്സല്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഒഡീഷയ്ക്കായി ബിശ്വജിത് മാലിക്ക് മൂന്നും ശേഖര്‍ മാജി രണ്ട് വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്.32 റണ്‍സെടുത്ത സ്വസ്തിക് സമലിനെ കിരണ്‍ സാഗര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. 10 റണ്‍സുമായി മിത്രബാനു പാണ്ഡയും 18 റണ്‍സോടെ രഘുനാഥ് മല്ലയുമാണ് ക്രീസില്‍. 

Content Highlights: Cooch Behar Trophy Cricket Kerala Record Score