പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും തമ്മിലുള്ള വാക്കേറ്റം ഏറെ ചര്‍ച്ചയായിരുന്നു. കളിക്കിടെ ഗ്രൗണ്ടില്‍ വെച്ച് പരസ്യമായിട്ടായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇതിന്റെ വീഡിയോ ഫോക്‌സ് ന്യൂസ് പുറത്തുവിടുകയും ചെയ്തു.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി എത്തിയതായിരുന്നു രവീന്ദ്ര ജഡേജ. ഡ്രിങ്ക്സ് ബ്രേക്കിനിടെ ഇരുവരും പിച്ചിനടുത്തേക്ക് നടന്നെത്തി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. നീ എന്റെ അടുത്ത് ഒന്നും പറയാന്‍ വരേണ്ടെന്നും നിന്റെ ദേഷ്യം നിന്റെ അടുത്തു തന്നെ വെച്ചാല്‍ മതിയെന്നും ഇഷാന്ത് ജഡേജയോട് പറയുന്നുണ്ട്. ഞാനും ടീമിന്റെ ഭാഗം തന്നെയാണ്. നീ എന്നോട് കൂടുതല്‍ സംസാരിക്കാന്‍ വരേണ്ടെന്നാണ് ജഡേജ ഇതിന് മറുപടി നല്‍കുന്നത്. 

ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇഷാന്തിന്റെ സംസാരം. ഇരുവരുടെയും തര്‍ക്കം 90 സെക്കന്റുകളോളം നീണ്ടുനിന്നു. ഒടുവില്‍ ഡ്രിങ്ക്സ് കൊണ്ടുവന്ന കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം ഫീല്‍ഡ് പ്ലേസിങ്ങിന്റെ കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlights: Conversation Between Ishant Sharma and Ravindra Jadeja During the Second Test revealed