ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് സീരിസിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിവാദത്തിന് തിരികൊളുത്തി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഓവറുകള്‍. മത്സരത്തിന്റെ രണ്ടാം ദിനം സ്‌റ്റോക്‌സിന്റെ ഓവറുകളില്‍ തെറ്റായ തീരുമാനമെടുത്ത അമ്പയര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 

ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ പന്തെറിഞ്ഞ സ്റ്റോക്‌സ് 14  തവണ ഓവര്‍ സ്‌റ്റെപ്പായി നോബോള്‍ എറിഞ്ഞു. ഇതില്‍ പലതും വലിയ നോബോളുകള്‍ തന്നെയായിരുന്നു. എന്നാല്‍ അമ്പയര്‍ നോബോള്‍ വിളിച്ചത് വെറും രണ്ട് തവണ മാത്രം. 

അതിലൊരു പന്തില്‍ വാര്‍ണറെ സ്റ്റോക്‌സ് പുറത്താക്കിരുന്നു. അമ്പയര്‍ നോബോള്‍ വിളിച്ചതോടെ ജീവന്‍ തിരിച്ചുകിട്ടിയ വാര്‍ണര്‍ 94 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. 

14 തവണ നോബോള്‍ എറിഞ്ഞിട്ടും അത് കണക്കിലെടുക്കാത്ത അമ്പയര്‍മാര്‍ക്കെതിരേ വിമര്‍ശനവുമായി ഓസീസ് ആരാധകര്‍രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖരും ഈ കൂട്ടത്തിലുണ്ട്. വളരെ മോശം അമ്പയറിങ് എന്നാണ് ഈ സംഭവത്തെക്കുറിച്ച് പോണ്ടിങ് പറഞ്ഞത്. 

Content Highlights: Controversy In 1st Ashes Test As Ben Stokes Oversteps 14 Times, Gets Called For No-Ball Only Twice