തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങളോടെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ നീക്കി. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന ഇനി ടീമിനെ നയിക്കും. 

കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമികളിച്ച കേരളത്തിന് ഇത്തവണ പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍ നേരിട്ടത് നാലു തോല്‍വികള്‍. ഇതോടെയാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ പരീക്ഷണത്തിന് തയ്യാറായത്. 

ആന്ധ്രയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ സക്‌സേന കേരളത്തെ നയിക്കും. ഓന്‍ഗോളില്‍ ജനുവരി 27 മുതല്‍ 30 വരെയാണ് ആന്ധ്രയ്‌ക്കെതിരേ മത്സരം. സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ ആന്ധ്രയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിലില്ല. അതേസമയം പരിക്ക് കാരണം പുറത്തിരുന്ന റോബിന്‍ ഉത്തപ്പയും ബേസില്‍ തമ്പിയും ടീമില്‍ തിരിച്ചെത്തി.

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ എലീറ്റ് എ-ബി ഗ്രൂപ്പില്‍ നിന് കേരളം സി-ഡി ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെടും. എലീറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരണ് തരംതാഴ്ത്തപ്പെടുക. കേരളത്തിന് പിന്നില്‍ നിലവിലുള്ളത് മുംബൈയും ഹൈദരാബാദും മാത്രമാണ്. പക്ഷേ മുംബൈ നാല് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഇനി കേരളത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയും നാലാം സ്ഥാനത്തുള്ള വിദര്‍ഭയുമാണ്. ഇതു രണ്ടും എവേ മത്സരങ്ങള്‍ ആണെന്നതും കേരളത്തിന് തലവേദനയാണ്.

രഞ്ജി ട്രോഫിയില്‍ കേരളത്തെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. അന്ന് ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കേരളത്തെ തുണച്ചത്. എന്നാല്‍ കേരളത്തിന് ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. 

 

Content Highlights: Continuous failures Sachin baby removed from his role as kerala captain