സിഡ്‌നി: ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് നടത്തിയ ഒരു വെളിപ്പെടുത്തലിലൂടെ 2018-ലെ പന്തുചുരണ്ടല്‍ വിവാദം വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്.

പന്തുചുരണ്ടലിനെപ്പറ്റി ടീമിലെ ബൗളര്‍മാര്‍ക്കെല്ലാം അറിയാമായിരുന്നുവെന്നായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.

ഇതിനു പിന്നാലെ ആ ടെസ്റ്റില്‍ ഓസീസ് ടീമിന്റെ ഭാഗമായിരുന്ന ബൗളര്‍മാരെല്ലാം ചേര്‍ന്ന് തങ്ങള്‍ക്ക് ഈ സംഭവത്തെ കുറിച്ച് അറിയാമായിരുന്നില്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. 

ഇപ്പോഴിതാ ഓസീസ് ബൗളര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. 

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന വ്യക്തിയായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ ബൗളിങ് പരിശീലകനായ ഡോവിഡ് സാകെറിനെയും കുറിച്ച് അവരുടെ പ്രസ്താവനയില്‍ യാതൊരു പരാമര്‍ശവുമില്ലെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

ഈ പ്രസ്താവന വളരെ സമര്‍ഥമായി എഴുതിയതാണെന്നാണ് ക്ലാര്‍ക്കിന്റെ നിരീക്ഷണം. ഇതിനിടെ സംഭവത്തെ കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചതിനു പിന്നാലെ ബാന്‍ക്രോഫ്റ്റ് തന്റെ പ്രസ്താവനയില്‍ നിന്ന് പിന്നാക്കം പോയിരുന്നു.

നിരപരാധിത്വം ചൂണ്ടിക്കാട്ടി ഓസീസ് ബൗളര്‍മാര്‍

2018-ലെ വിവാദമായ കേപ്ടൗണ്‍ ടെസ്റ്റില്‍ ഓസീസ് ടീമിലുണ്ടായിരുന്ന ബൗളര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എന്നിവരാണ് തങ്ങളുടെ നിരപരാധിത്വം ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവനയുമായി ചൊവ്വാഴ്ച രംഗത്തെത്തിയത്. 

ടെസ്റ്റിനിടെ പന്തില്‍ മാറ്റംവരുത്താനുള്ള  കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയാമായിരുന്നില്ലെന്ന് ഓസീസ് ബൗളര്‍മാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

''ഞങ്ങളുടെ സത്യസന്ധതയില്‍ ഞങ്ങള്‍ സ്വയം അഭിമാനിക്കുന്നു. അതിനാല്‍ തന്നെ 2018-ലെ കേപ്ടൗണ്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഞങ്ങളുടെ സത്യസന്ധതയെ ചില പത്രപ്രവര്‍ത്തകരും മുന്‍ കളിക്കാരും സമീപ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നത് തീര്‍ത്തു നിരാശാജനകമാണ്.'' - ഓസീസ് ബൗളര്‍മാര്‍ പ്രസ്താവനയില്‍ പറയുന്നു.

'ഈ വിഷയത്തില്‍ ഞങ്ങള്‍ ഇതിനകം നിരവധി തവണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, പക്ഷേ പ്രധാന വസ്തുതകള്‍ വീണ്ടും രേഖപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ന്യൂലാന്റിലെ വലിയ സ്‌ക്രീനില്‍ ചിത്രങ്ങള്‍ കാണുന്നത് വരെ പന്തിന്റെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ഒരു വസ്തു കളത്തിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആ ടെസ്റ്റ് മത്സരത്തിലെ അമ്പയര്‍മാരായ നിഗല്‍ ലോങ്, റിച്ചാര്‍ഡ് ലിങ്വര്‍ത്ത് എന്നിവര്‍ പരിചയസമ്പന്നരായ അമ്പയര്‍മാരാണ്. ചിത്രങ്ങള്‍ ടിവിയില്‍ വന്നതോടെ പന്ത് പരിശോധിച്ച അവര്‍ അതില്‍ കേടുപാടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ പന്ത് മാറ്റിയിരുന്നില്ല.' - ഓസീസ് ബൗളര്‍മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതേസമയം ന്യൂലാന്‍ഡ്സില്‍ അന്ന് സംഭവിച്ച കാര്യങ്ങള്‍ക്കൊന്നും ഇത് ഒരു ഒഴിവുകഴിവല്ലെന്നും അവര്‍ വ്യക്തമാക്കി.

Content Highlights: Michael Clarke not convinced with Australian bowler s clarification on  Ball-tampering