മാഞ്ചെസ്റ്റര്‍: വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെിരായ രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിന് പുറത്ത്. കോവിഡ്-19 സുരക്ഷയുടെ ഭാഗമായിട്ടുള്ള ബയോ സെക്യുര്‍ പ്രോട്ടോകോള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയത്. 

കോവിഡ് വ്യാപനത്തിനിടെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇംഗ്ലണ്ട് - വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്നത്. ബയോ സെക്യുര്‍ സാഹചര്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയാണ് ആ മേഖല ക്രമീകരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത് ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

പ്രോട്ടോകോള്‍ ലംഘിച്ച താരത്തെ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിലേക്ക് മാറ്റും. ഈ കാലയളവില്‍ രണ്ടു തവണ കോവിഡ്-19 പരിശോധന നടത്തും. രണ്ടു പരിശോധനാ ഫലവും നെഗറ്റീവായാല്‍ മാത്രമേ താരത്തെ ഐസൊലേഷനില്‍ നിന്ന് മാറ്റൂ. 

അതേസമയം ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ സഹതാരങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ച് ആര്‍ച്ചര്‍ രംഗത്തെത്തി. തന്റെ പ്രവര്‍ത്തിയിലൂടെ സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും താന്‍ അപകടത്തിലാക്കിയെന്നും പറഞ്ഞ താരം സ്വന്തം പ്രവര്‍ത്തിയുടെ അനന്തര ഫലങ്ങള്‍ എന്തു തന്നെ ആയാലും അത് അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ബയോ സെക്യുര്‍ ബബിളിനുള്ളിലുള്ള എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.

Content Highlights: England vs West Indies Jofra Archer dropped after breaching bio-secure protocols