മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകുന്ന ഇന്ത്യന്‍ ടീമിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ബിസിസിഐ. ടീമിലെ ആരെങ്കിലും കോവിഡ് പോസറ്റീവ് ആകുകയാണെങ്കില്‍ അവര്‍ നെഗറ്റീവ് ആയശേഷം പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകില്ലെന്നും പകരം അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു.  

ടീം യാത്രതിരിക്കും മുമ്പ് മുംബൈയില്‍ നിന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തും. ഈ പരിശോധനാഫലം അനുസരിച്ചാകും ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക. അതുകൊണ്ടുതന്നെ താരങ്ങളോട് എല്ലാവരോടും മുംബൈയില്‍ എത്തുന്നതുവരെ മറ്റാരുമായി സമ്പര്‍ക്കമില്ലാതെ കഴിയാന്‍ നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ ടീം ഫിസിയോ യോഗേശ് പര്‍മാര്‍ പറയുന്നു. 

മുംബൈയില്‍ എത്തുന്നതിന് മുമ്പ് താരങ്ങളെ അനുഗമിക്കുന്ന കുടുംബാംഗങ്ങളോടും ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്താന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാനും ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ബിസിസിഐ പറയുന്നു. 

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക. ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനുശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കും.

Content Highlights: Consider yourself out of England tour if you test positive in Mumbai Says BCCI