ഗയാന: ലോകകപ്പോടെ ഏകദിനം മതിയാക്കുമെന്ന തീരുമാനം മാറ്റിയ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്. ഈ പരമ്പരയോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങുകയാണ് ഗെയ്ല്‍.

ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു ശേഷം ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തി വിടപറയാനാണ് താരം തയ്യാറെടുക്കുന്നത്. 

അതേസമയം ഗെയ്‌ലിനൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഗെയിലിനൊപ്പമുള്ള ഒരു ചിത്രവും രോഹിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഈ ചിത്രം കണ്ടതോടെയാണ് ഇരുവരും തമ്മില്‍ ഇക്കാര്യത്തിലുള്ള സാമ്യത ആരാധകര്‍ ശ്രദ്ധിച്ചത്. ജേഴ്‌സി ധരിച്ച് ഗെയ്‌ലിനൊപ്പം പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് രോഹിത് പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും ജേഴ്‌സി നമ്പര്‍ 45 ആണെന്നത് ചിലരെങ്കിലും ഇപ്പോഴാകും ശ്രദ്ധിക്കുന്നത്.

common factor between Rohit Sharma and Chris Gayle

അതിനിടെ ട്വന്റി 20-യിലെ ഗെയ്‌ലിന്റെ സിക്‌സറുകളുടെ റെക്കോഡ് ഇക്കഴിഞ്ഞ പരമ്പരയില്‍ രോഹിത് മറികടന്നിരുന്നു. 106 സിക്‌സറുകളോടെ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന ഗെയ്‌ലിന്റെ റെക്കോഡ് രോഹിത് സ്വന്തം പേരിലാക്കി. 

അതേസമയം ഏകദിന പരമ്പരയില്‍ സാക്ഷാല്‍ ബ്രയാന്‍ ലാറയുടെ ഒരു റെക്കോഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് ഗെയ്‌ലും. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിന്‍ഡീസ് താരമെന്ന ലാറയുടെ (10,405 റണ്‍സ്) നേട്ടം മറികടക്കാന്‍ ഗെയ്‌ലിന് വെറും 12 റണ്‍സ് കൂടി മതി. 

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച രാത്രി ഏഴുമുതല്‍ ഗയാനയിലാണ്.

Content Highlights: common factor between Rohit Sharma and Chris Gayle