വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ന്യൂസീലന്‍ഡ് താരങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോറിലേക്ക് ബാറ്റെടുത്ത കിവീസിന് രണ്ടാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത കോളിന്‍ മണ്‍റോ - ടിം സെയ്ഫേര്‍ട്ട് സഖ്യം മികച്ച അടിത്തറ ഒരുക്കിയിരുന്നു. പക്ഷേ മണ്‍റോയെ റണ്‍ ഔട്ടാക്കിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ത്രോ ആണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കിയത്.

മത്സരഫലത്തെ നിര്‍ണയിച്ച ഈ റണ്‍ ഔട്ടിനെ കുറിച്ച് മണ്‍റോ പ്രതികരിച്ചത് ഇങ്ങനെ; ''പന്തെടുത്ത ഷാര്‍ദുല്‍ താക്കൂര്‍ ബൗളേഴ്‌സ് എന്‍ഡിലേക്കാണോ വിക്കറ്റ് കീപ്പേഴ്‌സ് എന്‍ഡിലേക്കാണോ എറിയുന്നതെന്ന് മാത്രമേ നോക്കിയൊള്ളൂ. ത്രോ ബൗളേഴ്‌സ് എന്‍ഡിലേക്കാണെന്നറിഞ്ഞതോടെയാണ് അപകടമൊന്നുമില്ലെന്ന ധാരണയില്‍ ഓട്ടം മെല്ലെയാക്കിയത്. പക്ഷേ ഇടയ്ക്ക് വെച്ച് പന്ത് പിടിച്ചെടുത്തത് കോലി തിരിയുന്നത് കണ്ടതോടെ സംഗതി അത്ര പന്തിയല്ലെന്ന് മനസിലായി. കോലിയാകട്ടെ പതിവുപോലെ വിക്കറ്റ് തെറിപ്പിച്ചു''.

പുറത്താകുമ്പോള്‍ 47 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ബൗണ്ടറിയുമടക്കം മണ്‍റോ 64 റണ്‍സെടുത്തിരുന്നു. 

12-ാം ഓവറില്‍ ശിവം ദുബെയുടെ പന്ത് മിഡ് വിക്കറ്റിലേക്ക് കളിച്ച് രണ്ടാം റണ്ണിന് ശ്രമിക്കുകയായിരുന്നു മണ്‍റോ. ബൗണ്ടറിക്കരികില്‍ നിന്ന് ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ പന്ത് കിട്ടിയത് ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക്. പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്കായിരിക്കുമെന്ന് കണക്കുകൂട്ടി പതിയെ ബാറ്റിങ് ക്രീസിലേക്ക് എത്താന്‍ ശ്രമിച്ച മണ്‍റോയ്ക്ക് തെറ്റി. പന്ത് കിട്ടിയപാടേ കോലി ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചു. മണ്‍റോ റണ്‍ ഔട്ട്.

Content Highlights: Colin Munro on crucial run-out in Wellington