ബേ ഓവല്‍: ന്യൂസീലന്‍ഡ് താരം കൊളിന്‍ മണ്‍റോക്ക് ചരിത്രനേട്ടം. അന്താരാഷ്ട്ര ടിട്വന്റിയില്‍ മൂന്നു സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മണ്‍റോ സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 53 പന്തില്‍ 104 റണ്‍സടിച്ചാണ് മണ്‍റോ മൂന്നാം ടിട്വന്റി സെഞ്ചുറി കുറിച്ചത്.

രണ്ടു സെഞ്ചുറി നേടിയ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, ഇവിന്‍ വില്യംസ്, ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം എന്നിവരെ പിന്നിലാക്കിയാണ് മണ്‍റോയുടെ റെക്കോഡ് നേട്ടം. പത്ത് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് മണ്‍റോയുടെ മൂന്നാം സെഞ്ചുറി ഇന്നിങ്‌സ്.

മത്സരത്തില്‍ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 243 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 119 റണ്‍സിന് വിജയിച്ച കിവീസ് പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യ ടിട്വന്റിയില്‍ കിവീസ് ജയിച്ചപ്പോള്‍ രണ്ടാമത്തേത് മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിലും വിന്‍ഡീസ് നാണംകെട്ടിരുന്നു. ഇതോടെ ഒരൊറ്റ മത്സരം പോലും വിജയിക്കാതെയാണ് വിന്‍ഡീസ് ന്യൂസീലന്‍ഡ് പര്യടനം അവസാനിക്കുന്നത്. 

Content Highlights: Colin Munro has set a T20 world record after smashing the West Indies