മുംബൈ:  മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകനും മുന്‍ താരവുമായ രമേശ് പൊവാര്‍ രംഗത്ത്. ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലിലിനുള്ള ടീമില്‍ നിന്ന് മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ബിസിസിഐയ്ക്കെഴുതിയ കത്തില്‍ പൊവാറിനെതിരെ ഗുരുതര ആരോപണങ്ങള്‍  മിതാലി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

മിതാലിയുമായി അകല്‍ച്ചുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു മിതാലിയെന്നും പൊവാര്‍ മറുപടി നല്‍കി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു പൊവാര്‍ വിശദീകരണം നല്‍കിയത്. ഇരുവരും നേരത്തെ ട്വന്റി-20 നായിക ഹര്‍മന്‍പ്രീത് കൗറുമായും മിതാലിയുമായും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാറിനെ വിശദീകരണത്തിനായി വിളിപ്പിച്ചത്. 

ഒട്ടും താത്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. മിതാലിയുമായുള്ള എന്റെ പെരുമാറ്റത്തില്‍ വേര്‍തിരിവുണ്ടായിരുന്നു. പൊവാര്‍ കുറ്റസമ്മതം നടത്തി. അതേസമയം ടീമില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും പൊവാര്‍ വ്യക്തമാക്കി. മിതാലിയുടെ സ്ട്രൈക്ക് റേറ്റ് മോശമായതിനാലാണ് സെമി ഫൈനലിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പൊവാറിന്റെ വിശദീകരണം.

എന്നാല്‍ പാകിസ്താനും അയര്‍ലന്റിനും എതിരേയുള്ള മത്സരങ്ങള്‍ക്കുള്ള ടീം തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ട് മിതാലിയുടെ സ്ട്രൈക്ക് റേറ്റ് നോക്കിയിരുന്നില്ലെന്ന ചോദ്യത്തിന് പൊവാറിന് ഉത്തരം നല്‍കാനായില്ല. 

മിതാലിയെ ഒഴിവാക്കാന്‍ പുറത്തു നിന്നുള്ള ആരുടേയും നിര്‍ദ്ദേശമുണ്ടായിരുന്നില്ല. അതേസമയം ടീം മാനേജര്‍ തൃപ്തി ഭട്ടാചാര്യയ്ക്ക് ബി.സി.സി.ഐയിലെ ഏതോ ഒരംഗവുമായി അടുത്ത ബന്ധമുള്ളതായി അറിയാമായിരുന്നു. പൊവാര്‍ വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പിന് മുമ്പാണ് പൊവാര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. വെളളിയാഴ്ച്ച പൊവാറിന്റെ താത്കാലിക പരിശീലന കാലാവധി അവസാനിക്കും.

Content Highlights: Coach Ramesh Powar on Mithali Raj Women Cricket Team