ന്യൂഡല്‍ഹി: ട്വന്റി-20 വനിതാ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വിവാദങ്ങള്‍ പുകയുകയാണ്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിതാലി രാജിനെ ഉള്‍പ്പെടുത്താത്തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സെമിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെതിരെ മിതാലിയുടെ മാനേജര്‍ രംഗത്തുവരികയും ചെയ്തു. കാര്യങ്ങള്‍ വളച്ചൊടിക്കുന്ന, നുണ പറയുന്ന ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീതെന്നായിരുന്നു മാനേജറുടെ ട്വീറ്റ്. എന്നാല്‍ മിതാലിയെ ഉള്‍പ്പെടുത്തതാത്തത് ടീമിന്റെ തീരുമാനമായിരുന്നെന്നും അതില്‍ കുറ്റബോധമില്ലെന്നും ഹര്‍മന്‍പ്രീത് പ്രതികരിച്ചു.

ഇതിനെല്ലാം പിന്നാലെ വനിതാ ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രമേശ് പൊവാര്‍, ഭരണസിമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി എന്നിവര്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മിതാലി. വനിതാ ടീമിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മിതാലി ആരോപിക്കുന്നു. ഡയാന എഡുല്‍ജി അധികാരമുപയോഗിച്ച് തനിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും മുപ്പത്തിയഞ്ചുകാരി ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റിന്‍ഡീസില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ചുറി നേടി മികച്ച ഫോമിലായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ മിതാലി. എന്നിട്ടും മിതാലിക്ക് സെമിയില്‍ സ്ഥാനം കിട്ടിയില്ല. 

Read More: ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവം; മിതാലി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

'ഇരുപത് വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഞാന്‍ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ നിരാശയിലാണ്ട് പോയിരിക്കുന്നു. അധികാരത്തിലിരിക്കുന്ന ചില വ്യക്തികള്‍ എനിക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ഞാന്‍ രാജ്യത്തിന് വേണ്ടി കളിച്ചതെല്ലാം അവര്‍ വില കുറച്ചു കാണുന്നു. എന്നെ ഇല്ലാതാക്കാനും എന്റെ ആത്മവിശ്വാസം തകര്‍ക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.' ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജി.എം സബാ കരീമിനും എഴുതിയ കത്തില്‍ മിതാലി ചൂണ്ടിക്കാട്ടുന്നു.

'ട്വന്റി-20 ക്യാപ്റ്റനായ ഹര്‍മന്‍പ്രീതുമായി എനിക്കു യാതൊരു പ്രശ്‌നവുമില്ലെന്ന് ഈ അവസരത്തില്‍ ഞാന്‍ പറയട്ടെ. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ രമേശ് പൊവാറിന്റെ തീരുമാനത്തെ അവള്‍ പിന്തുണച്ചത് എന്നെ വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് ലോകകപ്പ് വിജയിക്കണമായിരുന്നു. പക്ഷേ സെമിയില്‍ തോറ്റ് സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് എന്നെ ഏറെ വേദനിപ്പിച്ചു.' മിതാലി കത്തില്‍ പറയുന്നു.

Read More: മിതാലിക്ക് അവഗണിക്കപ്പെട്ടവരുടെ സംഘത്തിലേക്ക് സ്വാഗതം; ഗ്രെഗ് ചാപ്പല്‍ കാലം ഓര്‍ത്തെടുത്ത് ദാദ

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡയാന എഡുല്‍ജിയെ രൂക്ഷമായ ഭാഷയിലാണ് മിതാലി വിമര്‍ശിക്കുന്നത്.

' ഭരണസമിതിയിലെ ഒരു അംഗം എന്ന നിലയില്‍ എനിക്ക് ഡയാന എഡുല്‍ജിയെ വിശ്വാസമായിരുന്നു, അവരോട് ബഹുമാനമായിരുന്നു. അവരുടെ അധികാരം എനിക്കെതിരെ അവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എന്നെ ബെഞ്ചിലിരുത്തിയ തീരുമാനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ അവര്‍ എനിക്ക് നല്‍കിയ നാണംകെട്ട പിന്തുണ എന്ന ആഴത്തില്‍ വേദനിപ്പിച്ചു. എന്നെ പുറത്താക്കാനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നു' മിതാലി ചൂണ്ടിക്കാട്ടുന്നു.

Read More: 'കാര്യങ്ങള്‍ വളച്ചൊടിക്കുന്ന, നുണ പറയുന്ന ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത്'- ഇന്ത്യന്‍ ടീമില്‍ വിവാദം 

രമേശ് പവാര്‍ തന്നെ അവഗണിച്ച ഒന്നിലധികം സംഭവങ്ങളെ കുറിച്ചും മിതാലി കത്തില്‍ പറയുന്നു. അയാളുടെ അടുത്ത് എവിടെയെങ്കിലും ഞാന്‍ ഇരിക്കുന്നുണ്ടെങ്കില്‍ അയാള്‍ എഴുന്നേറ്റു പോകും, നെറ്റ്‌സില്‍ മറ്റുള്ളവര്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാളുണ്ടാകും, പക്ഷേ ഞാന്‍ നെറ്റ്‌സില്‍ എത്തിയാല്‍ അയാള്‍ അവിടെ നിന്നും പോകും. എന്തെങ്കിലും സംസാരിക്കാന്‍ പോയാല്‍ ഫോണില്‍ നോക്കുന്നതു പോലെ അഭിനയിക്കും. ഇതെല്ലാം എന്നെ വിഷമിപ്പിച്ചു. ഞാന്‍ ഇങ്ങനെ അപമാനിക്കപ്പെടുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ഞാന്‍ ദേഷ്യപ്പെടാതെ പിടിച്ചുനിന്നു. മിതാലി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read More: മിതാലിയെ റിസര്‍വ് ബെഞ്ചിലിരുത്തിയതില്‍ പ്രതിഷേധം; ഒഴിവാക്കിയതില്‍ ദുഃഖമില്ലെന്ന് ഹര്‍മന്‍പ്രീത്

 

tweet

Content Highlights: Coach Ramesh Powar humiliated me at World T20 says Mithali Raj