ന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അനന്തപുരിയുടെ അഭിമാനം സഞ്ജു വി.സാംസണ്‍ വീണ്ടും. പലതവണ മികച്ചപ്രകടനം നടത്തി ടീമിന്റെ പടിവാതില്‍ക്കല്‍ വരെയെത്തിയ സഞ്ജുവിനിതൊരു തിരിച്ചുവരവാണ്. കേരളത്തിന്റെ ഭാവിതാരങ്ങള്‍ക്കു പ്രചോദനവും അഭിമാനവുമായി മാറുകയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ്. ഇനി നഗരം കാത്തിരിക്കുന്നത് ലോകത്തെ ക്രിക്കറ്റ് മൈതാനങ്ങളില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്കാണ്.

തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് സ്‌കൂളിലും മാര്‍ ഇവാനിയോസ് കോളേജിലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും കളിച്ചുവളര്‍ന്ന സഞ്ജുവിന് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്കുള്ള ചുവടുവയ്പാണ് ഇത്തവണത്തെ ടീമിലേക്കുള്ള വിളി. വെടിക്കെട്ട് ബാറ്റ്സ്മാനും മികച്ച വിക്കറ്റ്കീപ്പറുമെന്ന പേര് ഇതിനകം സമ്പാദിച്ച സഞ്ജുവിനായി ഗൗതം ഗംഭീര്‍, സയ്യദ് കിര്‍മാണി, വീരേന്ദ്ര സെവാഗ്, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പലതവണ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞമാസം ഇന്ത്യ എ ടീമിനായി കാര്യവട്ടത്ത് സെലക്ടര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിേര നടത്തിയ തകര്‍പ്പന്‍ പ്രകടനം സഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമായി. ജന്മനാട്ടിലെ ഗംഭീരപ്രകടനം ടീമിലേക്കു തന്നെ വഴിതുറന്നു.

അന്നുതന്നെ ടീമില്‍ എത്തുമെന്ന ആത്മവിശ്വാസവും സഞ്ജു പ്രകടിപ്പിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ബെംഗളൂരുവില്‍ ഗോവയ്ക്കെതിരേ ലോക റെക്കോഡ് പ്രകടനവുമായി ഇരട്ട സെഞ്ചുറി നേടിയതോടെ അവഗണിക്കാനാകാത്ത താരമായി സഞ്ജു മാറുകയായിരുന്നു.

വിഴിഞ്ഞത്ത് വീട്ടില്‍ സ്വന്തമായി ക്രിക്കറ്റ് പിച്ച് തയ്യാറാക്കി എല്ലാദിവസവും നടത്തിയ കഠിനപരിശീലനത്തിന്റെ ഫലം കൂടിയാണ് ഈ തിരിച്ചുവരവ്. 19-ാം വയസ്സില്‍ സിംബാബ്‌വേക്കെതിരേയാണ് സഞ്ജു ആദ്യമായി ദേശീയ ടീമില്‍ കളിച്ചത്. നാലുവര്‍ഷംകൊണ്ട് കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും സഞ്ജു ഒരുപാട് പക്വത കൈവരിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുചെയ്യാന്‍ തുടങ്ങിയതോടെ വന്‍ സ്‌കോറുകളും കണ്ടെത്താന്‍ കഴിഞ്ഞു. അത് ദേശീയ ടീമിലേക്കുമെത്തിച്ചു. ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനം നടത്തി ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്താനുള്ള ലക്ഷ്യത്തിലാണ് യുവതാരം.

Content Highlights: city is awaiting Sanju's fireworks display in cricket grounds