കിങ്സ്റ്റൺ: വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റനും കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലവാഹ്സിന്റെ സഹപരിശീലകനുമായ രാംനരേഷ് സർവനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സൂപ്പർ താരം ക്രിസ് ഗെയ്ലിനെതിരേ നടപടിക്ക് സാധ്യത. അതിരുവിട്ട പരാമർശങ്ങളുടെ പേരിൽ ഗെയ്ലിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് തലവൻ റിക്കി സ്കെറിട്ട് വ്യക്തമാക്കി.

'ഗെയ്ലും കരീബിയൻ പ്രീമിയർ ലീഗ് അധികൃതരും തമ്മിൽ സംഭാഷണം നടക്കുന്നുണ്ട്. പ്രീമിയർ ലീഗിന് അതിന്റേതായ നിയമങ്ങളുണ്ട്. ഒരു ടീമുമായി കരാറൊപ്പിട്ടാൽ ആ നിയമങ്ങൾ ഗെയ്ലിനും ബാധകമാണ്. അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് ഗെയ്ലിന്റെ കരിയറിനെ ബാധിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. കാരണം രാജ്യാന്തര ക്രിക്കറ്റിൽ മികച്ച കരിയറുള്ള താരങ്ങളിൽ ഒരാളാണ് ഗെയ്ൽ. അത് ഇങ്ങനെയൊരു വിഷയത്തിന്റെ പേരിൽ അവസാനിക്കുന്നത് കാണാൻ ആർക്കും താത്‌പര്യമില്ല.'-റിക്കി വ്യക്തമാക്കി.

ജമൈക്ക തല്ലവാഹ്സിൽ നിന്ന് താൻ പുറത്താകാൻ കാരണം രാംനരേഷ് സർവനാണെന്നും കൊറോണ വൈറസിനേക്കാൾ വിഷമുള്ള വ്യക്തിയാണ് സർവനെന്നും ഗെയ്ൽ ആരോപിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തുന്ന സർവൻ ഈ സ്വഭാവം മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും ഗെയ്ൽ ചോദിച്ചിരുന്നു. വിഷപ്പാമ്പെന്നും പ്രതികാരദാഹി എന്നും ഗെയ്ൽ സർവനെ വിളിച്ചു.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് സർവൻ പിന്നീട് രംഗത്തെത്തി. എപ്പോഴും അടുത്ത സുഹൃത്തായി മാത്രമേ ഗെയ്ലിനെ കണ്ടിട്ടുള്ളുവെന്നും തല്ലവാഹ്സിൽ നിന്ന് ഗെയ്ലിനെ പുറത്താക്കാൻ ചരടുവലിച്ചു എന്നതിൽ ഒരു വാസ്തവവുമില്ലെന്നും സർവൻ വ്യക്തമാക്കിയിരുന്നു.