മുംബൈ: ഗ്രൗണ്ടില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുന്നതു പോലെ ഗ്രൗണ്ടിന് പുറത്തും ക്രിസ് ഗെയ്ല്‍ ചര്‍ച്ചാവിഷയമാണ്. പല വിവാദങ്ങളുടെ പേരിലും വിന്‍ഡീസ് താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തവണ മുൻ ഓസ്ട്രേലിയൻ നായകൻ ഇയാന്‍ ചാപ്പലിനെ പരിഹസിച്ചാണ് ഗെയ്ല്‍ ചര്‍ച്ചയാകുന്നത്.

2016ല്‍ ബിഗ് ബാഷ് ലീഗിനിടെ ഗെയ്ല്‍ ഒരു മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചിരുന്നു. തുടര്‍ന്ന് ഗെയ്‌ലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇയാന്‍ ചാപ്പല്‍ രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് മുംബൈ മിററിനോട് സംസാരിക്കവെയാണ് ഗെയ്ല്‍ ചാപ്പലിനെ പരിഹസിച്ചത്. ഇയാന്‍ ചാപ്പലോ? അത് ആരാണെന്നായിരുന്നു ഗെയ്‌ലിന്റെ മറുചോദ്യം.

ഗെയ്‌ലിനോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടെന്നും ലോകവ്യാപകമായി എല്ലാ കരാറുകളിൽ നിന്നും ഗെയ്‌ലിനെ വിലക്കണമെന്നും ചാപ്പല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളിലെ ക്ലബ്ബുകളോട് ഗെയ്‌ലിന് കളിക്കാന്‍ അവസരം നല്‍കരുതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞാല്‍ അതിലൊരു നാണക്കേടും വിചാരിക്കുന്നില്ലെന്നും ചാപ്പല്‍ ഓസ്‌ട്രേലിയന്‍ അസോസിയേറ്റ് പ്രസ്സിനോട് വ്യക്തമാക്കിയിരുന്നു. 

Content Highlights: Chris Gayle Takes A Dig At Australian Legend Ian Chappell