ഹരാരെ: ലോകകകപ്പ് യോഗ്യതാ മത്സരത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ്. യു.എ.ഇക്കെതിരായ മത്സരത്തില്‍ ഏഴ് ഫോറുകളും 11 സിക്‌സുകളുമടക്കം 91 പന്തില്‍ 123 റണ്‍സാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. ഗെയ്‌ലിന്റെ കരിയറിലെ 23-ാം ഏകദിന സെഞ്ചുറിയാണിത്. 

50 പന്തില്‍ നിന്ന് അര്‍ധശതകം പിന്നിട്ട ഗെയില്‍ പിന്നീട് കൂടുതല്‍ അപകടകാരിയാകുകയായിരുന്നു. യു.എ.ഇയുടെ സ്പിന്നര്‍മാരെ അടിച്ചുപറത്തിയ ഗെയ്ല്‍ 79-ാം പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 123 റണ്‍സിലെത്തി നില്‍ക്കെ വിന്‍ഡീസ് ഇന്നിങ്‌സിന്റെ 29-ാം ഓവറില്‍ ഗെയ്ല്‍ പുറത്തായതോടെ വെടിക്കെട്ട് അവസാനിച്ചു.

ഐ.പി.എല്‍ പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ ഗെയ്‌ലിനെ എല്ലാവരും അവഗണിച്ചിരുന്നു. ഒടുവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് ഗെയ്‌ലിനെ തട്ടകത്തിലെത്തിക്കുകയായിരുന്നു.

Content Highlights: Chris Gayle slams 23rd ODI century against UAE ICC World Cup qualifiers 2018