സെന്റ് ലൂസിയ: ട്വന്റി-20 ലോകകപ്പിന് ഒരുങ്ങുന്ന ടീമുകള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം. ലോകകപ്പിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. തുടര്‍ച്ചയായ മൂന്നാം ട്വന്റി-20യിലും ഓസീസിനെ തറപറ്റിച്ചാണ് വെസ്റ്റിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. 

സെന്റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് മികവാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. 38 പന്തുകള്‍ നേരിട്ട ഗെയ്ല്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം അടിച്ചെടുത്തത് 67 റണ്‍സാണ്. ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും ഗെയ്ല്‍ ഈ മത്സരത്തില്‍ പിന്നിട്ടു. 

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 141 റണ്‍സ് മാത്രം. 29 പന്തില്‍ 33 റണ്‍സെടുത്ത മോയ്‌സസ് ഹെന്റിക്വസായിരുന്നു അവരുടെ ടോപ്പ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 31 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്നാം വിക്കറ്റില്‍ ക്രിസ് ഗെയ്ല്‍-നിക്കോളാസ് പുരന്‍ സഖ്യം 37 പന്തില്‍ 67 റണ്‍സ് അടിച്ചുകൂട്ടി. പുരന്‍ 27 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ കൂട്ടുകെട്ടാണ് വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Content Highlights: Chris Gayle Shines As West Indies Take Unbeatable 3-0 Lead In T20 Series vs Australia