ബ്രിഡ്​ജ്​ടൗൺ: വെടിക്കെട്ട് ബാറ്റിങ്ങില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോഡ് മറികടന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്നു പ്രഖ്യാപിച്ചശേഷമായിരുന്നു ഗെയ്‌ലിന്റെ റെക്കോഡ് പ്രകടനം.

കെന്‍സിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഗെയ്ല്‍ അഫ്രീദിയെ മറികടന്നത്. ഗെയ്ല്‍ 129 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത മത്സരത്തില്‍ പക്ഷേ, വിന്‍ഡീസ് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. പന്ത്രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ പ്രകടനം. റഷീദ് എറിഞ്ഞ നാല്‍പത്തിനാലാം ഓവറിന്റെ അവസാന പന്ത് മിഡ്‌വിക്കറ്റിന് മുകളിൂടെ പറത്തിയാണ് ഗെയ്ല്‍ അഫ്രീദിയെ മറികടന്നത്.

477 സിക്‌സുകളാണ് ഇപ്പോള്‍ ഗെയ്‌ലിന്റെ പേരിലുള്ളത്. തന്റെ 444ാമത്തെ മത്സരത്തിലാണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 476 സിക്‌സുകളായിരുന്നു അഫ്രീദിയുടെ പേരില്‍ ഉണ്ടായിരുന്നത്. 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി ഇത്രയും സിക്‌സുകള്‍ അടിച്ചുകൂട്ടിയത്.

ഗെയ്ല്‍ 285 ഏകദിനങ്ങളില്‍ നിന്ന് 276ഉം 56 ട്വെന്റി 20കളില്‍ നിന്ന് 103ഉം 103 ടെസ്റ്റുകളില്‍ നിന്ന് 98 സിക്‌സുമാണ് ഗെയ്ല്‍ നേടിയത്.

352 സിക്‌സുകള്‍ സ്വന്തമായ കിവീസ് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് 349 സിക്‌സുമായി നാലാമതാണ്.

ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് 39 കാരനായ ഗെയ്‌ലിനെ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെതരായ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായി ബംഗ്ലാദേശിനതരായ ഹോം സീരീസിലാണ് ഇതിന് മുന്‍പ് ഗെയ്ല്‍ അവസാനമായി വിന്‍ഡീസിനുവേണ്ടി കളിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴഞ്ഞ ഒക്‌ടോബറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു ഗെയ്ല്‍.

Content Highlights: Chris Gayle Shahid Afridi Most Number Of Sixes West Indies England Series