അബുദാബി: അബുദാബി ടി 10 ക്രിക്കറ്റ് ലീഗില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടി റെക്കോഡ് സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍. ടീം അബുദാബിയ്ക്ക് വേണ്ടി 12 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയാണ് ഗെയ്ല്‍ റെക്കോഡിനൊപ്പമെത്തിയത്.

വെറും 22 പന്തുകളില്‍ നിന്നും 84 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. 41 കാരനായ ഗെയ്ല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ചു. ഒന്‍പത് സിക്‌സുകളും ആറ് ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. മറാത്ത അറേബ്യന്‍സിനെതിരേയാണ് താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ അറേബ്യന്‍സിനെ ടീം അബുദാബി ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് പത്തോവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം അബുദാബി അതിവേഗത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 98 റണ്‍സ് വിജയലക്ഷ്യത്തില്‍ 84 റണ്‍സും പിറന്നത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റില്‍ നിന്നാണ്. ഗെയ്ല്‍ നേടിയതില്‍ 78 റണ്‍സും വന്നത് ബൗണ്ടറികളില്‍ നിന്നാണ്. ഐ.പി.എല്ലിന് മുന്‍പായി ഗെയ്ല്‍ ഫോമിലേക്കുയര്‍ന്നത് താരലേലം കൊഴുപ്പിക്കും. 

സോംപാല്‍ കാമിയുടെ ഓവറില്‍ 27 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഈ വിജയത്തോടെ ടീം അബുദാബി പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.

ടി 10 ചരിത്രത്തില്‍ ഇതിനുമുന്‍പ് 12 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയത് മുഹമ്മദ് ഷെഹ്‌സാദാണ്. അന്ന് രജ്പുത്സ് ടീമിനുവേണ്ടിയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. 

Content Highlights: Chris Gayle scripts T10 League history with joint-fastest fifty ahead of IPL 2021