മുംബൈ: ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് ഗാലറിയിലേക്ക് പറന്ന പന്തുകള്‍ എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു. ഇപ്പോള്‍ നാല്‍പ്പതാം വയസ്സിലെത്തി നില്‍ക്കുന്ന താരം വിരമിക്കാനായോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്‌.

എന്നാല്‍ ഇതിനും ഗെയ്ല്‍ സ്‌റ്റൈല്‍ മറുപടിയുണ്ട്. വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ചുറികള്‍ കൂടി അടിക്കണമെന്ന് ഗെയ്ല്‍ പറയുന്നു. ക്രിക്ക് ട്രാക്കറുടെ ട്വീറ്റിനാണ് വിന്‍ഡീസ് താരം ഇങ്ങനെ മറുപടി നല്‍കിയത്. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ച താരം എന്ന കുറിപ്പോടെ ക്രിക്ക് ട്രാക്കര്‍ ഗെയ്‌ലിന്റെ ചിത്രം പങ്കുവെച്ചിരുന്നു. 22 സെഞ്ചുറികളാണ് നിലവില്‍ ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. ഇതിന് മറുപടി ആയാണ് ഗെയ്ല്‍ 10 സെഞ്ചുറികള്‍ കൂടി എന്നു പറഞ്ഞത്.

ട്വന്റി-20യില്‍ 28 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുള്ള ഗെയ്‌ലിന്റെ ആകെ സമ്പാദ്യം 13296 റണ്‍സാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ രണ്ട് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയും ഗെയ്‌ലിന്റെ പേരിലുണ്ട്. വിന്‍ഡീസിന്റെ രണ്ട് ലോകകപ്പ് വിജയത്തില്‍ പങ്കാളിയുമായി. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയ്ല്‍.

Content Highlights: Chris Gayle reveals how many more T20 centuries he will score before retiring