കിങ്സ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ നടക്കാനിരിക്കുന്ന ഏകദിന, ടിട്വന്റി പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു.

വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ അടക്കമുള്ള പ്രമുഖരെ ഉള്‍പ്പെടുത്താതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ഏകദിന ടീമില്‍ ക്രിസ് ഗെയ്ല്‍, ഡാരന്‍ ബ്രാവോ, കീറന്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ഡ്വെയ്ന്‍ ബ്രാവോ, റസ്സല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് നയിക്കുന്ന ടിട്വന്റി ടീമില്‍ ഡാരന്‍ ബ്രാവോ, കീറന്‍ പൊള്ളാര്‍ഡ്, റസല്‍ എന്നിവരെ ഉള്‍പ്പെടുത്തി.

ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ക്രിസ് ഗെയില്‍ തന്നെയാണ് പറഞ്ഞതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോട്നി ബ്രൗണ്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഗെയിലിന്റെ പിന്മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാസം 21 വരെ ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഗെയ്ല്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. ഇക്കാരണത്താലാണ് ഗെയിലിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് പരിചയമുള്ള ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, നരെയ്ന്‍ എന്നിവരുടെ അഭാവം ഏകദിനത്തില്‍ വിന്‍ഡീസ് ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്.

ഇന്ത്യന്‍ പര്യടനത്തിനു പിന്നാലെ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും ഗെയ്ല്‍ കളിക്കില്ല. എന്നാല്‍ 2019-ല്‍ ദേശീയ ടീമില്‍ താന്‍ തിരിച്ചെത്തുമെന്ന് ഗെയ്ല്‍, ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും അതിനു ശേഷം ഇംഗ്ലണ്ടില്‍ നടന്ന നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കാന്‍ മുപ്പത്തൊമ്പതുകാരനായ താരം താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

ലോകകപ്പ് മുന്‍നിര്‍ത്തി ഓപ്പണര്‍ ഹേംരാജ് ചന്ദര്‍പോള്‍, ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലെന്‍, പേസര്‍ ഒഷാനെ തോമസ്, സുനില്‍ ആംബ്രിസ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് ബോര്‍ഡ് അവസരം നല്‍കിയിട്ടുണ്ട്. ലോകകപ്പിന് തയ്യാറെടുക്കാന്‍ യുവതാരങ്ങള്‍ക്കു ലഭിച്ച മികച്ച അവസരമാണ് ഇന്ത്യന്‍ പര്യടനമെന്നും കോട്നി ബ്രൗണ്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കെതിരേ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയും മൂന്നു ടിട്വന്റികളുമാണ് വിന്‍ഡീസ് കളിക്കുക. പരമ്പരയിലെ അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ഇതോടെ ഗെയിലിന്റെ വെടിക്കെട്ട് കാണാനുള്ള ഭാഗ്യം കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ലഭിക്കില്ല. 

ഏകദിന ടീം: ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ഫാബിയന്‍ അല്ലന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ഹേംരാജ് ചന്ദര്‍പോള്‍, ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, ഷായ് ഹോപ്, അല്‍സാറി ജോസഫ്, എവിന്‍ ലൂയിസ്, ആഷ്ലി നേഴ്‌സ്, കീമോ പോള്‍, റോവ്മാന്‍ പവല്‍, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്.

ടിട്വന്റി ടീം: കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്(നായകന്‍), ഡാരന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഫാബിയന്‍ അല്ലന്‍,ഷിമ്രോണ്‍ ഹെറ്റ്‌മെര്‍, ഒബെഡ് മക്കോയ്, ആഷ്ലി നേഴ്‌സ്, കീമോ പോള്‍, ഖാറി പൈറെ, കീറന്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേശ് രാംദിന്‍, റസല്‍, ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഓഷാനെ തോമസ്.

Content Highlights: chris gayle opts out of odi t20 series against india