സെന്റ് ലൂസിയ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ റെക്കോഡ് പ്രകടനം പുറത്തെടുത്തിരുന്നു. 38 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്ത ഗെയ്ല്‍ ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് പിന്നിട്ടു. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്നത്.

ഈ മത്സരത്തിന് പിന്നാലെ ക്രിസ് ഗെയ്ല്‍ നല്‍കിയ അഭിമുഖവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. തന്റെ ബാറ്റിനെ കുറിച്ച് ഗെയ്ല്‍ നല്‍കിയ വിശദീകരണമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഗെയ്‌ലിന്റെ ബാറ്റില്‍ യൂണിവേഴ്‌സ് ബോസ് എന്ന സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഐസിസി വിലക്കിയിരുന്നു. തുടര്‍ന്ന് ഓസീസിനെതിരേ ദി ബോസ്, സിക്‌സ് മെഷീന്‍ എന്നീ സ്റ്റിക്കറുകള്‍ ഒട്ടിച്ച ബാറ്റുമായാണ് ഗെയ്ല്‍ കളിക്കാനിറങ്ങിയത്.

മത്സരശേഷം മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ഗെയ്‌ലിനോട് ചോദിച്ചു. 'യൂണിവേഴ്‌സ് ബോസ് എന്ന് ഞാന്‍ ഉപയോഗിക്കരുത് എന്നാണ് ഐസിസി പറയുന്നത്. അതുകൊണ്ട് ഞാന്‍ അതു ചുരുക്കി ദി ബോസ് എന്നാക്കി' ഇതായിരുന്നു ഗെയ്‌ലിന്റെ മറുപടി. ഐസിസിക്ക് യൂണിവേഴ്‌സ് ബോസില്‍ കോപ്പിറൈറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് തനിക്കാണ് അതില്‍ കോപ്പിറൈറ്റ് വേണ്ടതെന്നും ഐസിസിയല്ല താനാണ് ബോസ് എന്നുമാണ് ഗെയ്ല്‍ പ്രതികരിച്ചത്. ഗെയ്‌ലിന്റെ ഈ വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

മൂന്നാം ട്വന്റി-20യില്‍ ആറു വിക്കറ്റിനാണ് ഓസീസിനെ വിന്‍ഡീസ് തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് ട്വന്റി-20 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 3-0ത്തിന് ലീഡെടുത്തു.

Content Highlights: Chris Gayle on his new bat stickers Universe Boss