കിങ്സ്റ്റൺ: മുൻ വെസ്റ്റിൻഡീസ് താരം രാംനരേഷ് സർവനെ വിഷപ്പാമ്പെന്നും വഞ്ചകനെന്നും വിളിച്ച് ക്രിസ് ഗെയ്ൽ. കരിബീയൻ പ്രീമിയർ ലീഗ് ട്വന്റി-20 ടൂർണമെന്റിൽ ജമൈക്ക തല്ലാവാഹ്സുമായുള്ള കരാർ അവസാനിപ്പിക്കാൻ കാരണം രാംനരേഷ് സർവനാണെന്നും ആളുകളെ പിന്നിൽ നിന്ന് കുത്തുന്ന പരിപാടി സർവൻ എപ്പോൾ അവസാനിപ്പിക്കുമെന്നും ഗെയ്ൽ ചോദിക്കുന്നു. യുട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടയിലാണ് ഗെയ്ൽ മുൻ ടീമംഗത്തിനെതിരേ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

'തല്ലാവാഹ്സ് ടീമിനൊപ്പം കരിയർ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിന് ശേഷം അവർ ഞാനുമായുള്ള കരാർ അവസാനിപ്പിച്ചു. ഇതിന് പിന്നിൽ തല്ലാവാഹ്സിന്റെ സഹപരിശീലകനായ സർവന്റെ കുതന്ത്രമാണ്. കൊറോണ വൈറസിനേക്കാൾ വലിയ വിഷമാണവൻ. പിന്നിൽ നിന്ന് കുത്തുന്നവനും പ്രതികാരശീലമുള്ളവനുമാണ് സർവൻ. ജമൈക്കയിൽ നടന്ന എന്റെ പിറന്നാൾ ആഘോഷത്തിനിടെ എന്നെ കുറിച്ച് വാതോരാത നീ സംസാരിച്ചിരുന്നു. എന്നാലിപ്പോൾ നിന്റെ സ്വഭാവം വളരെ മോശമായിപ്പോയി. എന്റെ കരിയറിൽ സംഭവിച്ചതിനെല്ലാം നിനക്ക് വലിയ പങ്കുണ്ട്. തല്ലാവാഹ്സിന്റെ മുഖ്യപരിശീലകനാകുക എന്നതാണ് നിന്റെ ലക്ഷ്യമെന്ന് എനിക്കറിയാം. മറ്റെല്ലാവരുടേയും കണ്ണിൽ നീ നല്ല വ്യക്തിയാണ്.' ഗെയ്ൽ വ്യക്തമാക്കുന്നു.

വെസ്റ്റിൻഡീസ് അണ്ടർ-19 ടീമിൽ തുടങ്ങിയതാണ് സർവനും ഗെയ്ലും തമ്മിലുള്ള ബന്ധം. 'ഞങ്ങൾ രണ്ടുപേരും റൂം മേറ്റ്സായിരുന്നു. അന്ന് നീ എനിക്കെതിരേ പരാതി പറഞ്ഞു. ഞാൻ രാത്രി വൈകിയും ടിവി കാണുന്നതുകൊണ്ട് നിനക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്ന് ടീം മാനേജ്മെന്റിനോട് കള്ളം പറഞ്ഞു. അതോടെ എന്നെ ബാർബഡോസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. അത് ഞാൻ ഒരിക്കലും മറക്കില്ല. നിനക്ക് ഞാൻ മാപ്പ് തരും. പക്ഷേ എനിക്ക് ഒരിക്കലും അത് മറക്കാനാകില്ല. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നവനാണ് നീ. എപ്പോഴെങ്കിലും നീ നിന്റെ ഈ സ്വഭാവം മാറ്റുമോ? നല്ല വ്യക്തിയാകാൻ നിനക്കുദ്ദേശമുണ്ടോ?' ഗെയ്ൽ ചോദിക്കുന്നു.

content highlights: Chris Gayle Lashes Out At Former Teammate