ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനെതിരായ ട്വന്റി 20 മത്സരത്തില്‍ സൗരാഷ്ട്രയുടെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് കണ്ടവര്‍ അക്ഷരാര്‍ഥത്തില്‍ അമ്പരന്നിരിക്കണം. കാരണം ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളില്‍ മുട്ടി മുട്ടി നിന്ന് എതിരാളികളുടെ ക്ഷമ പരീക്ഷിക്കുന്ന പൂജാരയെ മാത്രമെ ആരാധകര്‍ കണ്ടിട്ടുള്ളു. എന്നാല്‍ അടിച്ചുതകര്‍ത്ത് സെഞ്ചുറി നേടാനും തനിക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് പൂജാര റെയില്‍വേസിനെതിരായ മത്സരത്തില്‍.

വെറും 61 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയാണ് പൂജാര ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. പൂജാരയുടെ ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറിയാണിത്. വെറും 29 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ചുറി പിന്നിട്ട താരം 14 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 61-ാം പന്തില്‍ മൂന്നക്കത്തിലെത്തി. സൗരാഷ്ട്രയ്ക്കായി ട്വന്റി 20-യില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും പൂജാര സ്വന്തം പേരിലാക്കി. 

രാഹുല്‍ ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണമുള്ള പൂജാര അടിച്ചു തകര്‍ത്തതോടെ റെയില്‍വേസിനെതിരെ രഞ്ജി ഫൈനലിസ്റ്റുകളായ സൗരാഷ്ട്ര 20 ഓവറില്‍ മൂന്നു വിക്കറ്റിന് 188 റണ്‍സിലെത്തി. പൂജാരയും 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഹര്‍വിക് ദേശായിയുമടങ്ങുന്ന ഓപ്പണിങ് സഖ്യം 8.5 ഓവറില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം (31 പന്തില്‍ 46) 82 റണ്‍സും പൂജാര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പൂജാരയുടെ ഇന്നിങ്സിന് സൗരാഷ്ട്രയെ രക്ഷിക്കാനായില്ല. 189 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റും രണ്ടു പന്തും ശേഷിക്കെ റെയില്‍വേസ് മറികടന്നു. 

ഇന്ത്യയുടെ ഇക്കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും പൂജാരയായിരുന്നു. എന്നാല്‍ ഐ.പി.എല്‍ ലേലത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പൂജാര തഴയപ്പെട്ടു.

Content Highlights: cheteshwar pujara scores first t20 century of his career