ലോര്‍ഡ്‌സ്:  ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍ഔട്ടുകള്‍ സംഭവിക്കുക അപൂര്‍വ്വമാണ്. പലപ്പോഴും സിംഗിളെടുക്കാനുള്ള ആശയക്കുഴപ്പത്തിനിടയിലാകും ഇത് സംഭവിക്കുക. ലോര്‍ഡ്‌സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടയില്‍ ചേതേശ്വര്‍ പൂജാര പുറത്തായതും അങ്ങിനെയാണ്. അതും ക്യാപ്റ്റന്‍ വിരാട് കോലിയുണ്ടാക്കിയ ആശയക്കുഴപ്പം മൂലം. 

ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. സ്ലിപ്പില്‍ അഞ്ചു പേരെ നിര്‍ത്തിയാണ് ആന്‍ഡേഴ്‌സണ്‍ ഓവര്‍ തുടങ്ങിയത്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള കോലിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതോടെ പൂജാര സിംഗിളിനായി ശ്രമിച്ചു. പൂജാരയും കോലിയും ഓടിത്തുടങ്ങി. എന്നാല്‍ സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കോലി ക്രീസിലേക്ക് തിരിച്ചുകയറി. ഇതോടെ നടുക്കടലില്‍പെട്ട പോലെയായി പൂജാര. അവസരം മുതലെടുത്ത അരങ്ങേറ്റ താരം ഒളിവര്‍ പോപ്പ് പൂജാരയുടെ സ്റ്റമ്പിളക്കി. 

25 പന്തില്‍ ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം. ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന പൂജാരയ്ക്ക് രണ്ടാം ടെസ്റ്റും നിരാശ മാത്രമായി. കോലിയുണ്ടാക്കിയ ആശയക്കുഴപ്പമാണ് പൂജാരയുടെ റണ്‍ഔട്ടിലേക്ക് വഴിവെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. കോലിക്കെതിരേ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Content Highlights: Cheteshwar Pujara run out after a mix-up with Virat Kohli