ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിഭാധനരായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഏത് പിച്ചിലാണെങ്കിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാകാന്‍ കെല്‍പ്പുള്ള താരം. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം ബാറ്റിങ്ങില്‍ പൂജാര നല്‍കിയ സംഭാവനകള്‍ മികച്ചതാണ്‌. 

കരിയറില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കരിയറില്‍ ഏറെ പ്രയാസപ്പെട്ട കാലത്തെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് അഭിമുഖത്തിലായിരുന്നു പൂജാരയുടെ തുറന്നുപറച്ചില്‍.

''എനിക്ക് ആദ്യമായി പരിക്കേറ്റ സമയം, അതില്‍നിന്ന് മുക്തനാവാനെടുത്ത സമയമായിരുന്നു എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രയാസമേറിയ കാലം. ടീം ഫിസിയോ വന്ന് പരിക്കിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് പറയുകയും ആറ് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ആകെ അസ്വസ്ഥനായി. ഞാന്‍ കരയാന്‍ തുടങ്ങി. നെഗറ്റീവ് മാനസികാവസ്ഥയിലായിരുന്നു ആ സമയത്ത് ഞാന്‍. വീണ്ടും കളിക്കാനാവുമോ, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുമോ എന്നൊക്കെയായിരുന്നു എന്റെ വേവലാതികള്‍.'' - പൂജാര വ്യക്തമാക്കി. 

''എന്നാല്‍ പതിയെ ഞാന്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാന്‍ തുടങ്ങി. അവര്‍ പോസിറ്റീവ് പ്രതികരണങ്ങള്‍ തന്നു തുടങ്ങി. അതോടെ ഞാന്‍ ഭാവിയെ കുറിച്ച് വേവലാതിപ്പെടുന്നത് നിര്‍ത്തി നിലവിലെ അവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാനസിക പ്രയാസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാകണമെന്നും പൂജാര ചൂണ്ടിക്കാട്ടി. ശരിയായ സമയത്ത് സഹായം തേടുന്നതിലൂടെ ഒരാളുടെ ജീവിതത്തില്‍ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ക്രിക്കറ്റിലെ കടുത്ത സമ്മര്‍ദം താങ്ങാനാകാതെ പലരും സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൂജാര പറഞ്ഞു.

Content Highlights: Cheteshwar Pujara reveals the toughest time of his cricketing career