ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാരയ്‌ക്കെതിരേ ആരാധകര്‍. കര്‍ണാടകയും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി സെമിഫൈനലില്‍ ഔട്ടായിട്ടും പുറത്തുപോകാതെ ക്രീസില്‍ നിന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാത്ത തരത്തിലാണ് പൂജാര പെരുമാറിയതെന്നും ആരാധകര്‍ പറയുന്നു.

അഭിമന്യു മിഥുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പൂജാരയെ ക്യാച്ച് ചെയ്യുകയായിരുന്നു. പന്ത് ഗ്ലൗസില്‍ തട്ടിയതിന്റെ ശബ്ദമുണ്ടായെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. പന്ത് കൈയിലാണ് തട്ടിയതെന്നായിരുന്നു അമ്പയറുടെ കണ്ടെത്തല്‍. എന്നാല്‍ റീപ്ലേയില്‍ ഇത് ഔട്ടാണെന്ന് തെളിഞ്ഞു. കര്‍ണാടക താരങ്ങള്‍ അപ്പീല്‍ ചെയ്തിട്ടും ഔട്ട് നല്‍കിയില്ല. പൂജാര സ്വയം പുറത്തുപോവുകയും ചെയ്തില്ല.

സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സിലായിരുന്നു സംഭവം. ആ സമയത്ത് പൂജാര ഒരു റണ്‍ മാത്രമാണ് നേടിയിരുന്നത്. കര്‍ണാടകയെ സംബന്ധിച്ച് മത്സരത്തില്‍ നിര്‍ണായകമായേക്കാവുന്ന വിക്കറ്റായിരുന്നു അത്. പിന്നീട് 99 പന്തില്‍ 45 റണ്‍സടിച്ച് പൂജാര പുറത്തായി. തന്റെ പന്തില്‍ അഭിമന്യു മിഥുന്‍ തന്നെ ഇന്ത്യന്‍ താരത്തെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

 

Content Highlights: Cheteshwar Pujara refuses to walk despite edging delivery slammed for lack of sportsmanship