ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, കെ.എൽ രാഹുൽ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ മൂന്നു മാസം എവിടെയായിരുന്നു എന്നതുൾപ്പെടെ ചട്ടപ്രകാരമുള്ള വിശദാംശങ്ങൾ നാഡയ്ക്ക് കൈമാറുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് നോട്ടീസ്. അതേസമയം സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിശദാംശങ്ങൾ യഥാസമയം നൽകാതിരുന്നതെന്ന് ബി.സി.സി.ഐ വിശദീകരണം നൽകിയതായി നാഡയുടെ ഡയറക്ടർ ജനറൽ നവീൻ അഗർവാൾ വ്യക്തമാക്കി.

ആന്റി ഡോപിങ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയറിൽ താരങ്ങൾക്ക് രണ്ടുതരത്തിൽ വിവരങ്ങൾ നൽകാനുള്ള സൗകര്യമുണ്ട്. കായിക താരങ്ങൾ നേരിട്ടോ അതല്ലെങ്കിൽ താരങ്ങൾക്കുവേണ്ടി അസോസിയേഷനോ ഇത് പൂരിപ്പിച്ചുനൽകാം. എന്നാൽ ബി.സി.സി.ഐയുമായി കരാറുള്ള അഞ്ചു താരങ്ങൾ കഴിഞ്ഞ മൂന്നു മാസമായി ഇത് നൽകിയിട്ടില്ല.

സോഫ്റ്റ്വെയറിന്റെ പാസ്വേഡുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് എന്ന ബി.സി.സി.ഐയുടെ വിശദീകരണം തൃപ്തികരമാണെന്നും നടപടിയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും നവീൻ അഗർവാൾ വ്യക്തമാക്കി. മൂന്നു തവണ ഇത്തരത്തിൽ വിവരം നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ ഉത്തേജകവിരുദ്ധ നയത്തിന്റെ ഭാഗമായി ആ താരത്തെ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ നാഡയ്ക്ക് അധികാരമുണ്ട്. ബി.സി.സി.ഐയുടെ വിശദീകരണം കണക്കിലെടുത്ത് ഇപ്പോഴത്തേത് ഒന്നാമത്തെ വീഴ്ച്ചയായി കണക്കാക്കണോ എന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും നാഡ വ്യക്തമാക്കി.