രാജ്‌കോട്ട്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ സ്ലഡ്ജിങ് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ് സ്ലഡ്ജിങ്ങില്‍ മുന്നില്‍ നിന്നത്. കുഞ്ഞുങ്ങളെ നോക്കാനായി ഋഷഭ് പന്തിനെ പെയ്ന്‍ വീട്ടിലേക്ക് വിളിച്ചത് വരെയെത്തി കാര്യങ്ങള്‍. 

അന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജാരയുടെ വെളിപ്പെടുത്തല്‍. 

ആദ്യ ടെസ്റ്റിലെ ഒരുപാട് കാര്യങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നഥാന്‍ ലിയോണും ടിം പെയ്‌നുമായിരുന്നു സ്ലഡ്ജിങ്ങിന് മുന്‍പന്തിയിലുണ്ടായിരുന്നത്. നാലിന് 40 റണ്‍സെന്ന നിലയിലായതോടെ ഞങ്ങള്‍ 150-160 സ്‌കോറിനപ്പുറം പോകില്ലെന്ന് അവര്‍ കരുതി. മൂന്നാമത്തെയോ നാലമത്തെയോ ടെസ്റ്റിലാണെന്ന് തോന്നുന്നു. അവര്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ലിയോണ്‍ എന്റെ അടുത്തുവന്ന് പറഞ്ഞു; 'നിങ്ങള്‍ ഇപ്പോള്‍ കുറേ റണ്‍സ് നേടിയില്ലേ? നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലേ?'. ഇത് അവരുടെ സ്ഥിരം പരിപാടിയാണ്. അവസാനം അവര്‍ തന്നെ പരസ്പരം നോക്കി ചിരിക്കും. പൂജാര അഭിമുഖത്തിനിടയില്‍ പറയുന്നു.

എന്നാല്‍ പൂജാരയെ ഏറെ രസിപ്പിച്ച സ്ലെഡ്ജിങ് അതൊന്നുമായിരുന്നില്ല. 2017ല്‍ ഓസീസ് ഇന്ത്യയിലെത്തിയപ്പോഴുള്ള സംഭവമാണ് ഇന്ത്യന്‍ താരത്തെ ഏറെ ചിരിപ്പിച്ചത്. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. 170 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കെ ഒരു ഓസീസ് താരം പൂജാരയുടെ അരികിലെത്തി, ഇപ്പോള്‍ ഔട്ടായില്ലെങ്കില്‍ അവര്‍ക്ക് വീല്‍ചെയര്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് പറഞ്ഞാണ് താരം മടങ്ങിയത്. ഇതിനേക്കാള്‍ രസകരമായ ഒരു സ്ലഡ്ജിങ് താന്‍ കേട്ടിട്ടില്ലെന്നും പൂജാര അഭിമുഖത്തില്‍ പറയുന്നു.

Content Highlights: Cheteshwar Pujara on best sledge from Australian Cricketers