ജോഹന്നാസ്‌ബെര്‍ഗ്: ക്ഷമയുടെ പര്യായപദം എന്താണെന്ന് ചോദിച്ചാല്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അതിനൊരുത്തമേയുള്ളു. ചേതേശ്വര്‍ പൂജാര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ പൂജാര ക്ഷമയുടെ നെല്ലിപ്പടിയും കടന്നുപോയി.

മൂന്നാമനായി ബാറ്റിങ്ങിനിറങ്ങി 53 പന്ത് നേരിട്ട ശേഷമാണ് പൂജാര ഒരു റണ്‍ കണ്ടെത്തിയത്. പൂജാരയുടെ അക്കൗണ്ട് തുറന്നത് ഡ്രസ്സിങ് റൂമില്‍ നിന്ന് കൈയടിയോടെയാണ് രഹാനെ സ്വീകരിച്ചത്. ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്യാതെ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരങ്ങളില്‍ മൂന്നാമതെത്താനും ഈ പ്രതിരോധ നീക്കത്തിലൂടെ പൂജാരക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ ന്യൂസിലന്‍ഡ് താരമായിരുന്ന ജിയോഫ് അലോട്ടും ഇംഗ്ലീഷ് ജെയിംസ് ആന്‍ഡേഴ്‌സണുമാണ് ഇന്ത്യന്‍ താരത്തിന് മുന്നിലുള്ളത്.

1999ല്‍ ഓക്ക്‌ലാന്‍ഡില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ 77 പന്ത് നേരിട്ട് ഒരു റണ്‍ സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡാണ് അലോട്ടിന്റെ പേരിലുള്ളത്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ 55 പന്തില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ അക്കൗണ്ട് തുറന്നത്. 

2008ല്‍ ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരെ 40 പന്തില്‍ നിന്നാണ് ഒരു റണ്ണെടുത്തത്. ഈ റെക്കോഡും പൂജാര മറികടന്നു. പൂജാരയുടെ ടെസ്റ്റ് ഇന്നിങ്‌സിലെ ഏറ്റവും കൂടുതല്‍ പന്തെടുത്ത് നേടിയ റണ്ണും ഇതുതന്നെയാണ്. 2016ല്‍ ജമൈക്കയില്‍ വിന്‍ഡീസിനെതിരെ 35 പന്തിന് ശേഷമാണ് പൂജാര സ്‌കോര്‍ ചെയ്തത്. 

ദക്ഷിണാഫ്രിക്കന്‍ പേസിനെ പ്രതിരോധ മതില്‍കെട്ടി തടുത്ത പൂജാരയുടെ ഇന്നിങ്‌സ് സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങാണ്. പൂജാരയെ ട്രോളി നിരവധി ട്വീറ്റുകളും പോസ്റ്റുകളുമാണ് വന്നത്. ഇതില്‍ രാഹുല്‍ ദ്രാവിഡിന്റെ ട്വീറ്റാണ് ഏറ്റവു മികച്ചത്. പൂജാര ഇങ്ങനെ ക്രീസില്‍ പിടിച്ചുനില്‍ക്കുന്നതു കൊണ്ടാണ് ഇന്ത്യ ഇപ്പോഴും ബാറ്റു ചെയ്യുന്നത് എന്നായിരുന്നു ദ്രാവിഡിന്റെ ട്വീറ്റ്.

Content Highlights: Cheteshwar Pujara First Run After 53 Balls India vs SouthAfrica Test Cricket