രാജ്‌കോട്ട്: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുമ്പ് രാജ്‌കോട്ടിലെ ചൂട് ചര്‍ച്ചയായിരുന്നു. ഇരുടീമുകള്‍ക്കും രാജ്‌കോട്ടിലെ കാലാവസ്ഥ വെല്ലുവിളിയാകുമെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. കഠിനമായ ചൂടില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. എന്നാല്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയുടെ കൈയില്‍ അതിനുള്ള പരിഹാരമുണ്ടായിരുന്നു.

തന്റെ പോക്കറ്റില്‍ ചെറിയ വെള്ളക്കുപ്പിയുമായാണ് പൂജാര ബാറ്റിങ്ങിനിറങ്ങിയത്‌. കളിക്കിടെ ദാഹിക്കുമ്പോള്‍ എടുത്തുകുടിക്കാനായണ് പൂജാര ഇങ്ങനെ ചെയ്തത്. ഒപ്പം പന്ത്രണ്ടാമനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തേണ്ട ആവശ്യവും പൂജാര ഒഴിവാക്കി. 

ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുല്‍ പുറത്തായതോടെ ക്രീസിലെത്തിയ പൂജാര അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാക്കൊപ്പം രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പുറത്തായത്.  ലൂയിസിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പോയ നിരുപദ്രവകരമായൊരു പന്തില്‍ ബാറ്റ് വെച്ച് പുറത്താകുമ്പോള്‍ 130 പന്തില്‍ 86 റണ്‍സെടുത്തിരുന്നു പൂജാര. 

Content Highlights: Cheteshwar Pujara bats with water bottle in his pocket