അഡ്‌ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ പൂജാരയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. അന്ന് പൂജാരയുടെ കളി കണ്ടപ്പോള്‍ ഇന്ത്യയുടെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്തവര്‍ ഏറെയാണ്. പലപ്പോഴും പൂജാരയെ പുതിയ ദ്രാവിഡ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള താരതമ്യങ്ങളോട് പൂജാര പലപ്പോഴും നീതി പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിന് മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കുകയാണ് ബി.സി.സി.ഐ.

ഇതിന് മുമ്പ്‌ അഡ്‌ലെയ്ഡില്‍ ഇന്ത്യ അവസാനമായി ജയിച്ച 2003-ലെ ദ്രാവിഡിന്റെ ഒരിന്നിങ്‌സുമായാണ് പൂജാരയുടെ ഇന്നിങ്‌സ് ബി.സി.സി.ഐ താരതമ്യം ചെയ്യുന്നത്‌. അന്ന് മൂന്നാമതായി ഇറങ്ങി ദ്രാവിഡ് കളിയിലെ താരമായപ്പോള്‍ ഇന്ന് അതേ പൊസിഷനില്‍ കളിച്ച പൂജാരയാണ് മാന്‍ ഓഫ് ദി മാച്ചായത്. ദ്രാവിഡ് നേടിയ 233 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോര്‍ ആദ്യ ഇന്നിങ്‌സില്‍ 500 കടന്നപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 72 റണ്‍സും ദ്രാവിഡ് നേടി. ഇത് ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.

15 വര്‍ഷത്തിന് ശേഷം അഡ്‌ലെയ്ഡില്‍ ഇതിനോടുള്ള സാമ്യമുള്ള ഇന്നിങുസകളാണ് പൂജാരയും കാഴ്ച്ചവെച്ചത്. 123 റണ്‍സാണ് ആദ്യ ഇന്നിങ്സില്‍ പൂജാര നേടിയത്. രണ്ടാം ഇന്നിങ്സിലും പൂജാര അതേ ഫോം തുടര്‍ന്നു. 71 റണ്‍സ് നേടിയ പൂജാരയായിരന്നു ടോപ് സകോറര്‍. 

അതു മാത്രമല്ല, ഇരുവരും 3000 റണ്‍സ് പിന്നിട്ടത് 67-ാം ഇന്നിങ്സിലായിരുന്നു. ഇരുവരും 4000 റണ്‍സ് പിന്നിട്ടതാകട്ടെ, 84ാം ഇന്നിങ്സിലും. അഡ്ലെയ്ഡ് ടെസ്റ്റില്‍ പൂജാര 5000 റണ്‍സ് പിന്നിട്ടു. 108ാം ഇന്നിങ്സിലായിരുന്നു പൂജാരയുടെ നേട്ടം. അവിടേയും ഇരുവരും സാമ്യം പുലര്‍ത്തി. 

Content Highlights: Cheteshwar Pujara and Rahul Dravid Similarities India vs Australia Test