മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണ്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയായിരുന്നു. കരിയറിലെ 17-ാം ടെസ്റ്റ് സെഞ്ചുറി നേടിയ പൂജാര ഇതിനൊപ്പം ഏതാനും വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. 

319 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കം 106 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പൂജാരയുടെ സെഞ്ചുറിയായിരുന്നു രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. 280 പന്തുകളില്‍ നിന്നാണ് പൂജാര തന്റെ 17-ാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത്. ഈ പരമ്പരയിലെ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തേ അഡ്ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. 

ഇതോടെ സെഞ്ചുറിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (16) പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. 17 ടെസ്റ്റ് സെഞ്ചുറികളോടെ പൂജാര ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്തി. ഗാംഗുലി 188 ഇന്നിങ്‌സുകളില്‍ നിന്നാണ് 16 സെഞ്ചുറികള്‍ നേടിയത്. ലക്ഷ്മണ്‍ 17 സെഞ്ചുറികള്‍ നേടാനായി 225 ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. എന്നാല്‍ വെറും 112 ഇന്നിങ്‌സുകളില്‍ നിന്നാണ് പൂജാരയുടെ നേട്ടം.

നിലവിലെ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും പൂജാരയാണ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 322 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

മെല്‍ബണിലേത് ഓസീസിനെതിരേ ടെസ്റ്റില്‍ പൂജാര നേടുന്ന നാലാമത്തെ സെഞ്ചുറിയാണ്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാകാനും അദ്ദേഹത്തിനായി.

പരമ്പരയില്‍ പൂജാരയുടെ രണ്ടാമത്തെ സെഞ്ചുറിയും. മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാനെക്കാളും കൂടുതല്‍ ബോളുകള്‍ നേരിട്ടാണ് പൂജാര സെഞ്ചുറി തികച്ചത്. വിദേശ പരമ്പരയില്‍ ആദ്യമായാണ് പൂജാര രണ്ടു ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്നത്. ഇതോടെ വിദേശത്തെ 2000 റണ്‍സെന്ന നേട്ടവും താരത്തെ തേടിയെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട് സെഞ്ചുറി തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനും ഇതോടെ പൂജരയ്ക്കായി. 280 പന്തുകളില്‍ നിന്നായിരുന്നു ഈ സൗരാഷ്ട്രക്കാരന്റെ സെഞ്ചുറി. സുനില്‍ ഗവാസ്‌കര്‍ (286 പന്തുകള്‍, അഡ്ലെയ്ഡ് 1985), രവി ശാസ്ത്രി (307 പന്തുകള്‍, സിഡ്‌നി 1992) എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്. 

ഈ പരമ്പരയില്‍ ഇതുവരെ പൂജാര 840 പന്തുകള്‍ നേരിട്ടിട്ടുണ്ട്. ടെസ്റ്റില്‍ 2017 ജനുവരി ഒന്നിനു ശേഷം നാലായിരത്തിലേറേ പന്തുകള്‍ നേരിട്ട ഏക താരവും പൂജാര തന്നെ. 39 ഇന്നിങ്‌സുകളില്‍ നിന്ന് 3796 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

Content Highlights: cheteshwar pujara 17th hundred and records in boxing day test