ചെന്നൈ: സെപ്റ്റംബർ 19നു യു.എ.ഇയിൽ തുടങ്ങുന്ന ഐ.പി.എൽ 13-ാം സീസണിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സ് ടീമിന് തിരിച്ചടി. നിശ്ചയിച്ച സമയത്ത് ടീമിനൊപ്പം ചേരാനാകില്ലെന്ന് പല വിദേശ താരങ്ങളും വ്യക്തമാക്കിയതോടെയാണ് ചെന്നൈ പ്രതിസന്ധിയിലായത്.
സെപ്റ്റംബർ ഒന്നോടെ യു.എ.ഇയിൽ എത്തുമെന്ന് അറിയിച്ച ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ഇനിയും വൈകുമെന്നാണ് സൂചന. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഡുപ്ലെസിസ് നാട്ടിൽ തന്നെ തങ്ങുന്നത്. ഡുപ്ലെസിസിനൊപ്പം എത്തേണ്ട പേസ് ബൗളർ ലുങ്കി എൻഗിഡിയും എന്ന് ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
രാജ്യാന്തര മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡ്, ഇംഗ്ലീഷ് താരം സാം കറൻ എന്നിവർ വൈകി മാത്രമേ ടീമിനൊപ്പം ചേരൂ എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇരുവരും സെപ്റ്റംബർ പകുതിയോടെ മാത്രമേ ടീമിനൊപ്പം ചേരൂ. ക്വാറന്റീൻ കൂടി കഴിയുന്നതോടെ ഇരുവരും കളത്തിലിറങ്ങാൻ വീണ്ടും വൈകും.
ഓഗസ്റ്റ് 18-ന് ട്രിനിഡാഡിൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ, ന്യൂസീലൻഡ് താരം മിച്ചൽ സാന്റ്നർ എന്നിവരും എത്താൻ വൈകും. അതേസമയം ന്യൂസീലൻഡിൽ നിന്നുള്ള പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്, ഓസ്ട്രേലിയയിൽ നിന്നുള്ള ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി, ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ എന്നിവർ ഓഗസ്റ്റ് 22-ന് യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനായി ചെന്നൈയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ സീസണിന് മുന്നോടിയായുള്ള ടീം ക്യാമ്പ് ഈ മാസം 15-ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ തുടങ്ങും. അഞ്ചു ദിവസം നീളുന്ന ക്യാമ്പിന് ശേഷം ഓഗസ്റ്റ് 22-ന് ടീം യു.എ.ഇയിലേക്ക് പറക്കും.
Content Highlights: Chennai Super Kings, overseas players to arrive late, IPL 2020