വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും കിവീസ് ടീമിനെയും കുറിച്ച് വാചാലനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെ വില്യംസണുമായി ബൗണ്ടറി ലൈനിനരികിലിരുന്ന് സംസാരിച്ചതിനെ കുറിച്ചും കോലി വെളിപ്പെടുത്തി.

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന് മുമ്പ് വെല്ലിങ്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറുടെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോലി. ഇന്ത്യന്‍ ടീമംഗങ്ങളെല്ലാം കോലിക്കൊപ്പമുണ്ടായിരുന്നു.

''കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ടീം എന്ന നിലയില്‍ ഞങ്ങള്‍ അദ്ഭുതപ്പെടുന്നത് എന്തെന്നാല്‍, എല്ലാ ടീമുകള്‍ക്കും ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന നിലയിലേക്ക് ഞങ്ങളെത്തി എന്നതാണ്. ഇത്രയും വര്‍ഷമായി ഞങ്ങള്‍ തുടരുന്ന ആധിപത്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് ന്യൂസീലന്‍ഡും. എന്നാലോ അവര്‍ക്ക് ഞങ്ങളോട് യാതൊരു തരത്തിലുമുള്ള വിരോധവുമില്ല. അതിനാല്‍ തന്നെയാണ് കെയ്‌നുമായി മത്സരത്തിനിടെ ബൗണ്ടറി ലൈനിനടുത്തിരുന്ന് എനിക്ക് ക്രിക്കറ്റിനെ കുറിച്ചല്ലാതെ ജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത്'', കോലി പറഞ്ഞു.

ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ആരെങ്കിലുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ന്യൂസീലന്‍ഡുമായി മാത്രമായിരിക്കുമെന്നും കോലി പറഞ്ഞിരുന്നു.

ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബൗണ്ടറി ലൈനിനടുത്തിരുന്ന് സംസാരിക്കുന്ന കോലിയുടെയും വില്യംസന്റെയും ചിത്രം വൈറലായിരുന്നു.

Content Highlights: Chatting behind the boundary Virat Kohli reveal what was the conversation about