ലണ്ടന്‍: ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സൂപ്പര്‍ ഫാന്‍ ചാരുലത പട്ടേല്‍ (87) അന്തരിച്ചു. ജനുവരി 13-ന് വൈകുന്നേരമായിരുന്നു ടീം ഇന്ത്യയുടെ ഈ കടുത്ത ആരാധികയുടെ അന്ത്യം.
ചാരുലതയുടെ മരണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി. ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേല്‍ജി ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മളെ പ്രചോദിപ്പിക്കുമെന്നും ബി.സി.സി.ഐ. ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ചാരുലത ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കിയത്. മത്സരത്തിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ച ചാരുലതയെ മത്സരശേഷം വിരാട് കോലിയടക്കമുളള ഇന്ത്യന്‍ താരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
പേരക്കുട്ടി അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാനെത്തിയത്. ഗുജറാത്തില്‍ വേരുകളുള്ള ചാരുലത ജനിച്ചത് പക്ഷേ ദക്ഷിണാഫ്രിക്കയിലാണ്. 1974-ല്‍ ഇംഗ്ലണ്ടിലെത്തി.