ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ട്വന്റി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി ഐസിസി.
എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ട്വന്റി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും വർധിപ്പിച്ച് ഐസിസി. ദുബായിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം.

2024-31 കാലയളവിൽ നടക്കുന്ന ലോകകപ്പിലാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുക. 2019-ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം പത്തായി കുറച്ചിരുന്നു. ഇത് 2027-ൽ 14 ആയി ഉയർത്തും. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഏഴുവീതം ടീമുകളാണ് ഉണ്ടാകുക. ഇവയിൽ നിന്ന് ടോപ് ത്രീ ടീമുകൾ സൂപ്പർ സിക്സിലേക്ക് എത്തും. ട്വന്റി-20 ലോകകപ്പിൽ നാല് ഗ്രൂപ്പുകളിലായി അഞ്ചു വീതം ടീമുകളുണ്ടാകും. ഓരോ ഗ്രൂപ്പിൽ നിന്നും ടോപ്പ് 2 ടീമുകൾ സൂപ്പർ എട്ടിലേക്ക് മുന്നേറും.

2024, 2028 വർഷത്തെ ചാമ്പ്യൻസ് ട്രോഫിയാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായി വേർതിരിച്ച് നാല് വീതം ടീമുകൾ എന്നുതന്നെയാണ് പുതിയ ഫോർമാറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരാനും ഐസിസി തീരുമാനിച്ചു. ഇനി 2025, 2027, 2029, 2031 വർഷങ്ങളിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. 2023-ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.


Content Highlights: Champions Trophy Is Back More Teams for T20 and 5-Over World Cups