ന്യൂഡല്‍ഹി: ഇന്ത്യന്‍ഏകദിന സ്പിന്‍ ബൗളര്‍മാരുടെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ വി.വി.എസ് ലക്ഷ്മണ്‍. യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഫോമിലേക്കുയരാത്തതാണ് ലക്ഷ്മണിനെ ആശങ്കയിലാഴ്ത്തുന്നത്. 

2023 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ സ്പിന്‍ വിഭാഗം കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന് ലക്ഷ്മണ്‍ ആവശ്യപ്പെടുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ യൂസ്വേന്ദ്ര ചാഹല്‍-കുല്‍ദീപ് യാദവ് സഖ്യം പരാജയപ്പെട്ടിരുന്നു. ഇരുവര്‍ക്കും വിക്കറ്റ് വീഴ്ത്താനും സാധിച്ചില്ല. നന്നായി റണ്‍സ് വഴങ്ങുകയും ചെയ്തു.

' അടുത്ത രണ്ടര വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ മൂന്ന് ലോകകപ്പുകളിലാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഏകദിന മത്സരങ്ങളിലെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം വലിയ ആശങ്കയാണ് ജനിപ്പിക്കുന്നത്. ചാഹലും യാദവും ടീമിന്റെ ആത്മവിശ്വാസമാണ് കെടുത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പിന് വെറും രണ്ട് വര്‍ഷങ്ങള്‍ മാത്രമാണുള്ളത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ്  സ്പിന്നര്‍മാരുടെ പ്രധാന റോള്‍. അതിനായി സ്പിന്നര്‍മാര്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്'- ലക്ഷ്മണ്‍ വ്യക്തമാക്കി

ചാഹലും കുല്‍ദീപും ഫോം വീണ്ടെടുക്കാന്‍ പാടുപെട്ടാല്‍ രാഹുല്‍ ചഹാര്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് അവസരം ലഭിക്കും. വരുന്ന ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ചാഹലിനും കുല്‍ദീപിനും ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകൂ.

Content Highlights: Chahal has lost management's confidence, Kuldeep out of sorts Laxman calls declining spin quality alarming