അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഒരു മലയാളി താരം. യു.എ.ഇ ദേശീയ ടീമിനായി കളിക്കുന്ന തലശേരിക്കാരന്‍ ചുണ്ടങ്ങാപ്പൊയില്‍ റിസ്വാനാണ് ആ സെഞ്ചുറി നേട്ടക്കാരന്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു റിസ്‌വാന്റെ ഈ നേട്ടം. 

റിസ്വാന്റെ സെഞ്ചുറി മികവില്‍ അയര്‍ലന്‍ഡിനെതിരേ ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും യു.എ.ഇയ്ക്കായി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും റിസ്വാന്‍ തന്നെ. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റെര്‍ലിങ്ങിന്റെ സെഞ്ചുറി (131*) മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ ആറു പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

136 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒമ്പതു ഫോറും ഒരു സിക്‌സുമടക്കം 109 റണ്‍സെടുത്തു. യു.എ.ഇയ്ക്കായി മുഹമ്മദ് ഉസ്മാന്‍ കൂടി സെഞ്ചുറി നേടിയതോടെ ടീം അനായാസം ലക്ഷ്യത്തിലെത്തി. 107 പന്തുകള്‍ നേരിട്ട ഉസ്മാന്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 102 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 184 റണ്‍സാണ് യു.എ.ഇയുടെ വിജയത്തില്‍ നിര്‍ണായകമായത്.

1988 ഏപ്രില്‍ 19-ന് തലശേരിയില്‍ ജനിച്ച റിസ്വാന്‍ 2019 ജനുവരി 26-നാണ് യു.എ.ഇയ്ക്കായി അരങ്ങേറ്റം കുറിച്ചത്. നേപ്പാളിനെതിരെയായിരുന്നു അരങ്ങേറ്റം. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സ്ഥിരം സാന്നിധ്യമായ റിസ്വാന് 2020 ഡിസംബറിലാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ പാര്‍ട്ട് ടൈം കരാര്‍ നല്‍കിയത്.

Content Highlights: Century From Chundangapoyil Rizwan Steer UAE To Win Over Ireland