ലണ്ടന്‍: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനത്തേക്ക് ക്രിക്കറ്റ് മടങ്ങിയെത്തി. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ടീം ജോസ് ബട്ട്‌ലറുടെയും ബെന്‍ സ്‌റ്റോക്ക്‌സിന്റെയും നേതൃത്വത്തില്‍ രണ്ടായി തിരിഞ്ഞുള്ള ത്രിദിന പരിശീലന മത്സരമാണ് സതാംടണില്‍ നടന്നത്. 

വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലായ് എട്ടിന് സതാംടണിലാണ്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന താരങ്ങള്‍ക്ക് മത്സര പരിചയത്തിനായാണ് പരീശീലന മത്സരം സംഘടിപ്പിച്ചത്. 

ഐ.സി.സിയുടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചാണ് മത്സരം നടന്നത്. താരങ്ങളെല്ലാം തന്നെ മത്സരത്തിനിടെ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് വ്യത്യസ്ത കാഴ്ചയായി. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. 

പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നതും ഐ.സി.സി വിലക്കിയിട്ടുള്ളതിനാല്‍ താരങ്ങളില്‍ ആരും തന്നെ ഇതിന് മുതിര്‍ന്നില്ല. ബുധനാഴ്ച നടന്ന ആദ്യ ദിനത്തില്‍ മത്സരം അവസാനിച്ചപ്പോള്‍ സ്‌റ്റോക്ക്‌സിന്റെ ടീമിനായി ബൗള്‍ ചെയ്ത ജെയിംസ് ആന്‍ഡേഴ്‌സണ്‍ 18 ഓവറുകള്‍ ബൗള്‍ ചെയ്ത് രണ്ടു വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയെങ്കിലും താരങ്ങളിലാരും തന്നെ കാര്യമായ ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നില്ല. കൃത്യമായ ശാരീരിക അകലം പാലിച്ച് കൈമുട്ടുകള്‍ മാത്രം കൂട്ടിമുട്ടിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ് ആഘോഷം. 

ഓരോ ഓവറുകള്‍ക്ക് ശേഷവും ബൗളര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുണ്ടായിരുന്നു. ഓരോ താരങ്ങള്‍ക്കും ഓരോ ബോട്ടിലിലാണ് ഡ്രിങ്ക്‌സ് കൊണ്ടുവന്നത്. ഡ്രിങ്ക്‌സ് കൊണ്ടുവന്ന 12-ാമന്‍ ഗ്ലൗവ്‌സ് ധരിച്ചാണ് മൈതാനത്തിറങ്ങിയത്.

ആദ്യ ദിനത്തിലെ മത്സരം അവസാനിച്ചപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന നിലയിലാണ് ബട്ട്‌ലറുടെ ടീം.

Content Highlights: celebrates wickets with physical distancing, uses hand sanitiser during warm up game