ന്യൂഡല്‍ഹി: ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. 

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷം കോലി നാട്ടി ലേക്ക് മടങ്ങിയിരുന്നു. അഡ്‌ലെയ്ഡില്‍ എട്ടു വിക്കറ്റിന് തോറ്റ ഇന്ത്യ പിന്നീട് മെല്‍ബണിലും ഇപ്പോള്‍ ഗാബയിലും വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്.

'എന്തൊരു ജയം. അഡ്‌ലെയ്ഡിന് ശേഷം ഞങ്ങള്‍ സംശയിച്ചവരെല്ലാം ഒന്ന് എഴുന്നേറ്റ്‌ നിന്ന് ശ്രദ്ധിച്ചോളൂ. മാതൃകാപരമായ പ്രകടനം എന്നാല്‍ മനഃക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് ഞങ്ങള്‍ വഴികാണിച്ചത്. ചരിത്രപരമായ ഈ നേട്ടം ആസ്വദിക്കൂ.'  കോലി ട്വിറ്ററില്‍ കുറിച്ചു. 

captain virat kohli congratulate indian team after gabba win

അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ വെറും 18 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കി.

അഡ്‌ലെയ്ഡില്‍ വെറും 36 റണ്‍സിന് ഇന്ത്യന്‍ ടീം ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 4-0ന് ഈ പരമ്പര തോല്‍ക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രമുഖരുടെ വിലയിരുത്തല്‍. അവസാന ദിനം 324 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പൊരുതിയത്. പൂജാരയുടെ മെല്ലെപ്പോക്ക് ഇന്ത്യ സമനിലയ്ക്കായി കളിക്കുകയാണെന്ന തോന്നലുയര്‍ത്തിയെങ്കിലും രഹാനെയുടെ ബാറ്റിങ് ആ തോന്നല്‍ മാറ്റി.

138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്.

Content Highlights: captain virat kohli congratulate indian team after gabba win