ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റനായി വിരാട് കോലി മാറി. തിങ്കളാഴ്ച വിന്‍ഡീസിനെതിരേ 28-ാം ജയമാണ് കോലി നേടിയത്. 48 മത്സരങ്ങളില്‍നിന്നാണ് നേട്ടം. 60 മത്സരങ്ങളില്‍ 27 തവണ ജയത്തിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോനിയുടെ റെക്കോഡാണ് കോലി മറികടന്നത്. സൗരവ് ഗാംഗുലി (21), മുഹമ്മദ് അസ്ഹറുദ്ദീന്‍ (14) എന്നിവരാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍.

കോലിയുടെ വിജയങ്ങള്‍

ഇന്ത്യയില്‍: 15

ശ്രീലങ്കയില്‍: 5

വിന്‍ഡീസില്‍: 4

ഓസ്ട്രേലിയയില്‍: 2

ദക്ഷിണാഫ്രിക്കയില്‍: 1

ഇംഗ്ലണ്ടില്‍: 1

captain kohli 28 wins

ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. കഴിഞ്ഞ 23 ടെസ്റ്റില്‍ വിന്‍ഡീസിനോട് ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. 2002ല്‍ കിങ്സ്റ്റണ്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഇന്ത്യയുടെ അവസാന തോല്‍വി.

റണ്‍സടിസ്ഥാനത്തില്‍ വിദേശത്ത് ഇന്ത്യയുടെ ഉയര്‍ന്ന ആറാം ജയമാണിത്. 257 റണ്‍സിനായിരുന്നു ജയം. ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന് ജയിച്ചതാണ് ഇന്ത്യയുടെ ഉയര്‍ന്ന ടെസ്റ്റ് ജയം

captain kohli 28 wins

ബൗളര്‍മാരുടെ പരമ്പര

നാലിന്നിങ്സിലും വിന്‍ഡീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. 14.95 മാത്രമാണ് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ശരാശരി. വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ മോശപ്പെട്ട ബാറ്റിങ് ശരാശരിയാണിത്.

12.58 റണ്‍സ് ശരാശരിയിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പരമ്പരയില്‍ വിക്കറ്റെടുത്തത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച മൂന്നാം ബൗളിങ് ശരാശരിയാണിത്. കഴിഞ്ഞവര്‍ഷം ബംഗ്ലാദേശിനെതിരേ വിന്‍ഡീസ് ബൗളര്‍മാര്‍ 11.32 ശരാശരിയില്‍ വിക്കറ്റെടുത്തിരുന്നു. 1955-ല്‍ 9.53 റണ്‍സ് ശരാശരിയില്‍ ന്യൂസീലന്‍ഡിനെതിരേ വിക്കറ്റെടുത്ത ഇംഗ്ലീഷ് ബൗളര്‍മാരാണ് പട്ടികയില്‍ മുന്നില്‍.

captain kohli 28 wins

12 ബാറ്റ്സ്മാന്‍മാര്‍

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി 12 ബാറ്റ്സ്മാന്‍മാര്‍ ഒരിന്നിങ്സില്‍ ബാറ്റ് ചെയ്തു. വിന്‍ഡീസിന്റെ രണ്ടാമിന്നിങ്സില്‍ ഷാനോന്‍ ഗബ്രിയലായിരുന്നു 12-ാമനായി ക്രീസിലെത്തിയത്. രണ്ടാമിന്നിങ്സിനിടെ ജസ്പ്രീത് ബുംറയുടെ ബൗണ്‍സര്‍ കൊണ്ട് ഡാരെന്‍ ബ്രാവോ ബാറ്റിങ് പൂര്‍ത്തിയാകാതെ മടങ്ങിയിരുന്നു. ബ്രാവോയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ജെറമെയന്‍ ബ്ലാക്ക്വുഡ് ബാറ്റിങ്ങിനെത്തി. ഇതാണ് 12 താരങ്ങള്‍ ബാറ്റിങ്ങിനെത്താന്‍ കാരണം.

ആത്മാര്‍ഥമായി പറയട്ടെ, ക്യാപ്റ്റന്‍സി പേരിന് മുന്നിലുള്ള ഒരു 'സി' മാത്രമാണ്. ഒത്തൊരുമയോടെയുള്ള കളി, അതാണ് പ്രധാനം. ക്യാപ്റ്റന്‍സിയിലെ നേട്ടങ്ങള്‍ എന്ന് പറയുന്നത് നിലവാരമുള്ള ഒരു ടീമിന്റെ ഉപോത്പന്നം മാത്രവും. മികച്ച ബൗളര്‍മാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ വിജയം നമുക്ക് സ്വന്തമാകുമായിരുന്നില്ല. ഷമിയും ബുംറയും ഇഷാന്തും ജഡേജയും അത്രയും നന്നായി പന്തെറിഞ്ഞു.

captain kohli 28 wins

പാവം ബാറ്റ്സ്മാന്മാര്‍

ബുംറ ലോകക്രിക്കറ്റിലെ ഏറ്റവും പൂര്‍ണതയുള്ള ബൗളറാണ്. അദ്ദേഹം ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയാണ്. ബുംറയെ നേരിടുന്ന വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരോട് എനിക്ക് സഹതാപം തോന്നി. ഇന്‍സ്വിങ്ങറുകളും ഔട്ട്സ്വിങ്ങറുകളും തലങ്ങും വിലങ്ങും വന്നു. ചില ബൗണ്‍സറുകള്‍ ദേഹത്തേക്ക്. ബാറ്റ്സ്മാന്മാര്‍ നിസ്സഹായരാകുന്നത് ഞാന്‍ കണ്ടുനിന്നു. ബുംറയെ പോലൊരു ബൗളറെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം.

-വിരാട് കോലി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

captain kohli 28 wins

വിന്‍ഡീസ് പര്യടനം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ടീം ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പരയില്‍ വിജയക്കൊടി നാട്ടി ഇന്ത്യ കരീബിയന്‍ ദ്വീപുകളിലെ പര്യടനത്തിന് പരിസമാപ്തി കുറിച്ചു. ട്വന്റി-20ക്കും ഏകദിനത്തിനും പുറമെ, ടെസ്റ്റും പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്കായി. ആകെ നടന്ന ഒമ്പത് മത്സരത്തില്‍ എട്ടിലും സന്ദര്‍ശകര്‍ ജയിച്ചു. ഒരു ഏകദിനം മഴകാരണം ഉപേക്ഷിച്ചിരുന്നു.

captain kohli 28 wins

ഒരു പര്യടനത്തില്‍ പരാജയമറിയാതെയുള്ള ഇന്ത്യയുടെ മികച്ച രണ്ടാം പ്രകടനമാണിത്. 2017-ല്‍ ശ്രീലങ്കയില്‍ ഇന്ത്യ ഒമ്പത് മത്സരം പരാജയമറിയാതെ പൂര്‍ത്തിയാക്കിയിരുന്നു.

Content Highlights: captain kohli 28 wins