തിരുവനന്തപുരം: എല്ലാ ക്രിക്കറ്റ് താരങ്ങളെയും പോലെ താനും ഐ.പി.എല്‍ തുടങ്ങാനായി കാത്തിരിക്കുകയാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍. വേഗത്തില്‍ റണ്‍സ് നേടുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
''ട്വന്റി 20-യില്‍ നിങ്ങള്‍ ഏറ്റവും വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. അതാണ് വര്‍ഷങ്ങളായി ഞാന്‍ ഐ.പി.എല്ലില്‍ ചെയ്യുന്നത്. വിരാട് കോലി അടുത്തതായി പാഡ് അപ്പ് ചെയ്ത് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് 10 പന്തുകളൊന്നും പാഴാക്കിക്കളയാനാകില്ല.'' - സ്‌പോര്‍ട്‌സ് സ്റ്റാറിന് അനുവദിച്ച അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.
''എല്ലാ ക്രിക്കറ്റര്‍മാരെയും പോലെ ഞാനും ഐ.പി.എല്‍ ആരംഭിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് കളിക്കാരുടെ മാത്രമല്ല, മുഴുവന്‍ ഇന്ത്യയുടെയും ക്രിക്കറ്റ് ലോകത്തിന്റെയും ആവേശം ഉയര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. മൂന്ന് മൈതാനങ്ങളില്‍ ഞങ്ങള്‍ക്ക് വളരെയധികം മത്സരങ്ങള്‍ കളിക്കേണ്ടതായിട്ടുണ്ട്. പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുമെന്നു തന്നെയാണ് കരുതുന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ ഏത് വിക്കറ്റിലും നിങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ സാധിക്കും.'' - സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയും ന്യൂസീലന്‍ഡിനെതിരെയും നടന്ന ട്വന്റി 20 പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ഒരു മത്സരത്തിലും ന്യൂസീലന്‍ഡിനെതിരേ രണ്ടു മത്സരങ്ങളിലും കളിച്ചു. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു.
Content Highlights: Cannot waste 10 balls when Virat Kohli is padded up next says Sanju Samson