ന്യൂഡല്‍ഹി: മൊഹാലിയിലെ നാലാം ഏകദിനത്തില്‍ തോറ്റതോടെ ഇന്ത്യന്‍ ടീമിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. ഈ ടീമിന്റെ കാര്യത്തില്‍ ആരാധകര്‍ കുറച്ച് ക്ഷമ കാണിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. 

''ടീമിന്റെ കാര്യത്തില്‍ നിങ്ങള്‍ കുറച്ച് ക്ഷമ കാണിക്കണം. ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ പരീക്ഷണങ്ങള്‍ക്കും മുതിരുന്നുണ്ട്. വിജയത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ക്ക് പരാജയങ്ങളുണ്ടാകും. ടീമില്‍ 11 കോലിയൊന്നും ഇല്ലല്ലോ. എല്ലാവര്‍ക്കും മാച്ച് വിന്നറാകാന്‍ സാധിക്കുകയുമില്ല '' - മുരളീധരന്‍ പറഞ്ഞു.

''നിങ്ങള്‍ ചില മത്സരങ്ങളില്‍ വിജയിക്കും. ചിലതില്‍ തോല്‍ക്കും. അല്ലെങ്കില്‍ ടീമില്‍ 11 കോലിയോ സച്ചിനോ ബ്രാഡ്മാനോ വേണം. അതൊട്ട് നടക്കാനും പോകുന്നില്ല'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 358 റണ്‍സെടുത്തിട്ടും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഫീല്‍ഡിങ്ങിലെ പിഴവുകളും കൂടിയായപ്പോള്‍ ടീമിനെതിരേ ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണ് മുരളീധരന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

അതേസമയം രവിചന്ദ്രന്‍ അശ്വിന്‍ ടീമിന് പുറത്ത് നില്‍ക്കുന്നത് കുല്‍ദീപ് യാദവിന്റെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും മികവിന്റെ തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.

ഇരുവരും മികച്ച രീതിയിലാണ് കളിക്കുന്നത്. ഏത് സാഹചര്യങ്ങളിലും നന്നായി പന്തെറിയാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഒരു മോശം പ്രകടനം കൊണ്ട് അവരെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: cannot have 11 virat kohlis in indian cricket team muttiah muralitharan