വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് പര്യടനത്തിലെ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. 21-ാം തീയതി മുതല്‍ വെല്ലിങ്ടണിലാണ് രണ്ടു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരമായതിനാല്‍ തന്നെ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്.

ആദ്യ ടെസ്റ്റിന് വെല്ലിങ്ടണ്‍ വേദിയാകുമ്പോള്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വേദിയില്‍ ടീം ഇന്ത്യയ്ക്ക് ഒരു ജയം നേടാനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 

വെല്ലിങ്ടണില്‍ 1968-ന് ശേഷം പിന്നീടിതുവരെ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് ജയിക്കാനായിട്ടില്ല. 1968-ല്‍ ആയിരുന്നു ഈ വേദിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അതില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ജയം നേടുകയും  ചെയ്തു.

ഇവിടെ കളിച്ച ഏഴ് ടെസ്റ്റുകളില്‍ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ഒരേയൊരു വിജയം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. 52 വര്‍ഷങ്ങള്‍ക്കു ശേഷം പട്ടൗഡിയുടെ നേട്ടം വിരാട് കോലിക്ക് ആവര്‍ത്തിക്കാനാകുമോ എന്ന കാര്യമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ന്യൂസീലന്‍ഡ് മണ്ണില്‍ ഇതുവരെ 23 ടെസ്റ്റ് കളിച്ച ഇന്ത്യയ്ക്ക് വെറും അഞ്ച് എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. എട്ട് മത്സരങ്ങള്‍ തോറ്റപ്പോള്‍ 10 എണ്ണം സമനിലയിലായി. 

വെല്ലിങ്ടണില്‍ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം

1968 - ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

1976 - ന്യൂസീലന്‍ഡ് ഇന്നിങ്‌സിനും 33 റണ്‍സിനും ജയിച്ചു

1981 - ന്യൂസീലന്‍ഡിന് 62 റണ്‍സ് ജയം

1998 - ന്യൂസീലന്‍ഡിന് നാലു വിക്കറ്റ് ജയം

2002 - ന്യൂസീലന്‍ഡിന് 10 വിക്കറ്റ് ജയം

2009 - സമനില

2014 - സമനില

Content Highlights: can Virat Kohli achieve Mansur Ali Khan Pataudi’s 52-year-old feat