ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ വാഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ഇയാന്‍ ബെല്‍. ഇംഗ്ലണ്ടിനെതിരായ പന്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ശേഷമാണ് ബെല്‍ താരത്തെക്കുറിച്ച് വാചാലനായത്. 

' ഋഷഭ് പന്തില്ലാത്ത ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ചിന്തിക്കാനാവുന്നില്ല. വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന പ്രതിഭയാണ് പന്തിനുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ പന്തിന് സാധിക്കും. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് താരം. പക്വതയാര്‍ന്ന പ്രകടനമാണ് ഋഷഭ് പരമ്പരയിലുടനീളം കാഴ്ചവെച്ചത്. ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഋഷഭ് പന്ത്'- ഇയാന്‍ ബെല്‍ പറഞ്ഞു

ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലാണ് പന്ത് കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റില്‍ 97, 89 എന്നീ സ്‌കോറുകളാണ് താരം നേടിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒരു സെഞ്ചുറിയും താരം നേടിയിരുന്നു. 

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന മത്സരത്തില്‍ 62 പന്തുകളില്‍ നിന്നും 78 റണ്‍സെടുത്ത പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 23 കാരനായ പന്ത് നിലവില്‍ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്. 

Content Highlights: Can't imagine an Indian side without Rishabh Pant says Ian Bell