മുംബൈ: ഐ.പി.എല്‍ ഈ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് യുസ്‌വേന്ദ്ര ചാഹല്‍ പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. നിലവില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുകയാണ് ചാഹല്‍. 

ഇതിനിടയില്‍ പങ്കെടുത്ത ഒരു പരിപാടിക്കിടെ ചാഹല്‍ അരങ്ങേറ്റ ഏകദിനത്തെ കുറിച്ചും ധോനി നല്‍കിയ പിന്തുണയെ കുറിച്ചും മനസ്സ് തുറന്നു. അന്ന് സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിച്ചപ്പോള്‍ ധോനിയില്‍ നിന്നാണ് ചാഹല്‍ ക്യാപ്പ് വാങ്ങിയത്. അന്ന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി വന്നപ്പോള്‍ തന്റെ പ്രതികരണം എങ്ങിനെയായിരുന്നുവെന്നും ചാഹല്‍ പങ്കുവെച്ചു.

'അന്ന് ഐ.പി.എല്‍ സീസണ്‍ കഴിഞ്ഞിരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം പ്രഖ്യാപിക്കാന്‍ പോകുകയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അന്ന് ശ്രദ്ധിച്ചിരുന്നുമില്ല. എന്നാല്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അരമണിക്കൂറോളം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അന്ന് സന്തോഷം കൊണ്ട് ഒരുപാട് കരഞ്ഞു. ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ ആ ദിവസം മറക്കാനാകില്ല'. ചാഹല്‍ പറയുന്നു. 

അന്ന് ഇന്ത്യന്‍ നായകനായ ധോനിയെക്കുറിച്ചും ചാഹലിന് പറയാനേറെയുണ്ട്. 'ധോനി ഇതിഹാസ താരമാണ്. ആദ്യമായി നേരില്‍ കണ്ടപ്പോള്‍ മുമ്പില്‍ പോയി നില്‍ക്കാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. സിംബാബ്‌വെയില്‍ വെച്ച് ആദ്യമായി കണ്ടപ്പോള്‍ മുമ്പില്‍ ചെന്ന് നില്‍ക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു. ഞാന്‍ ആദ്യമായി വിളിച്ചത് മഹി സര്‍ എന്നായിരുന്നു. പക്ഷേ എന്നെ അടുത്തേക്ക് വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു. മഹി, ധോനി, മഹേന്ദ്ര സിങ് ധോനി, ഭായ്..അങ്ങനെ എന്തുവേണമെങ്കിലും വിളിച്ചോ. പക്ഷേ മഹി സാര്‍ എന്ന് മാത്രം വിളിക്കരുത്' ചാഹല്‍ വ്യക്തമാക്കി. 

Content Highlights: Call me whatever you want but not sir says MS Dhoni to Yuzvendra Chahal