മുംബൈ: രവി ശാസ്ത്രി തന്നെയാവും ഇനിയുള്ള രണ്ടു വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍. കപില്‍ദേവ് നേതൃത്വം കൊടുക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതി മത്സരാര്‍ഥികളുമായുള്ള അഭിമുഖത്തിനുശേഷം ശാസ്ത്രിയെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ശാസ്ത്രിക്ക് പുറമെ മൈക്ക് ഹെസ്സണ്‍, ടോം മൂഡി, ലാല്‍ചന്ദ് രാജ്പുത്, റോബിന്‍ സിങ് എന്നിവരായിരുന്നു പരിശീലകരാവാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദും ശാന്ത രംഗസ്വാമിയുമാണ് ഉപദേശക സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍.

ശാസ്ത്രിയെ തന്നെ നിലനിര്‍ത്താനുള്ള കാരണം ഉപദേശക സമിതി അംഗങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അഭിമുഖത്തിലെ ഒരു ചോദ്യം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. മത്സരാര്‍ഥികളില്‍ ഒരാളോട് ഉപദേശിക സമിതി ചോദിച്ചത് ഇതാണ്: ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ഭിന്നത എങ്ങനെ തീര്‍ക്കും.

അഭിമുഖത്തില്‍ പങ്കെടുത്ത പരിശീലകരില്‍ ഒരാള്‍ തന്നെയാണ് മിഡ് ഡേയോട് ഇക്കാര്യം പറഞ്ഞത്. 'ഞാന്‍ ഉപദേശക സമിതിയോട് പറഞ്ഞു. ടീമില്‍ അത്തരത്തില്‍ ഒരു തര്‍ക്കവും ഇപ്പോഴില്ല. വിരാട് കോലി തന്നെ പരസ്യമായി അത് നിഷേധിച്ചതാണ്. അതുകൊണ്ട് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നല്‍കണമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനായിരുന്നു പരിശീലകന്‍ എങ്കില്‍ ഉടന്‍ തന്നെ അതില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമായിരുന്നു. അത് വളര്‍ന്ന് വലുതാകാന്‍ സമ്മതിക്കില്ലായിരുന്നു. നല്ലൊരു ഡ്രസ്സിങ് റൂം അന്തരീക്ഷം ഉണ്ടാകാന്‍ ബി.സി.സി.ഐ.യെ കൂടി വിഷയത്തില്‍ ഇടപെടുത്തുമായിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഇപ്പോഴത്തെ പരിശീലകന്‍ ഇടപെട്ടില്ല?'.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതോടെയാണ് ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത ശക്തമായത്. എന്നാല്‍, കോലിയും കോച്ച് ശാസ്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ ഈ അഭ്യൂഹം തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷമാണ് പരിശീലകര്‍ക്കുള്ള അഭിമുഖത്തില്‍ ഈ അഭ്യൂഹം ഇടംപിടിച്ചത്.

Content Highlights: CAC asked head coach candidate 'How would you solve the alleged rift between Kohli and Rohit Sharma