ന്യൂഡല്‍ഹി: വളര്‍ന്നു വരുന്ന ക്രിക്കറ്റിലെ പെണ്‍തലമുറക്ക് ഇപ്പോള്‍ പ്രചോദനമാവുന്നത് സച്ചിന്‍ തെണ്ടുല്‍ക്കറല്ലെന്നും മറിച്ച് മിതാലി രാജാണെന്നും ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ ഇന്ത്യയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഓപ്പണിങ് താരം സ്മൃതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ലോകകപ്പിലെ പ്രകടനത്തോടെ ശ്രദ്ധേയായ സ്മൃതിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്.
ഇംഗ്ലണ്ടിനെതിരേ ഫൈനലില്‍ ഒന്‍പത് റണ്‍സിനു തോറ്റെങ്കിലും ഇന്ത്യന്‍ ടീം പുതിയ ചരിത്രം കുറിച്ചിരുന്നു. 'നിങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന് ഇനി ആരെങ്കിലും വനിതാ താരങ്ങളോട് ചോദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള മറുപടി അന്ന് വാര്‍ത്താസമ്മേളനത്തില്‍ മിതാലി നല്‍കിയിരുന്നു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിന് ശേഷം കൂടുതല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവരെല്ലാം സച്ചിന്‍ തെണ്ടുല്‍ക്കറെയല്ല താരതമ്യത്തിനെടുക്കുന്നത്. മറിച്ച് മിതാലി രാജിനെയാണ്' സ്മൃതി പറയുന്നു.
വനിതാ ഐ.പി.എല്‍ വരുന്നതിനെയും സ്മൃതി സ്വാഗതം ചെയ്തു. ആഭ്യന്തര താരങ്ങള്‍ക്ക് അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം അത് തുറന്നുനല്‍കുമെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.